ലോകം നിറഞ്ഞ് ചൈനീസ് ചാരക്കണ്ണ്; ഇന്ത്യയിൽ നിരീക്ഷിക്കുന്നത് പതിനായിരം പേരെ

ലോകത്തെ മനുഷ്യരിൽ കാൽക്കോടിയോളം പേർ ചൈനയുടെ നിരീക്ഷണത്തിലാണെന്ന് വെളിപ്പെടുത്തൽ. ഇതിൽ രണ്ടരലക്ഷത്തോളം പേരുടെ വിവരങ്ങൾ പുറത്തായതോടെയാണ് ലോകം ഞെട്ടിയത്. ഇന്ത്യയിൽ നിന്നുള്ള പതിനായിരം പേരാണ് സജീവ നിരീക്ഷണത്തിലുള്ളത്. ചൈനീസ് കമ്പനിയായ സെൻഹുവയാണ് പ്രൊഫൈലുകൾ തയ്യാറാക്കുന്നത്. 

വ്യക്തികളുടെ പുരോഗതി വിലയിരുത്തി അവരുടെ ഭാവി നിർണയിക്കുകയാണ് കമ്പനിയുടെ പ്രധാന പരിപാടി. വർഷങ്ങളായുള്ള വിവരങ്ങളാണ് കമ്പനിയുടെ പക്കലുള്ളത്. സൈന്യത്തെ കുറിച്ചും രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടുകൾ വരെ സജീവ നിരീക്ഷണത്തിലാണെന്ന് വിദഗ്ധർ അനുമാനിക്കുന്നു. 

ജനന തിയതി, അഡ്രസ്, വിവാഹിതനാണോ എന്ന വിവരം, ഫോട്ടോകള്‍, രാഷ്ട്രീയ ചായ്‌വ്, ബന്ധു ജനങ്ങള്‍, സോഷ്യല്‍ മീഡിയാ ഐഡികള്‍ തുടങ്ങിയവയെല്ലാം ശേഖരിക്കുന്നു. ട്വിറ്റര്‍, ഫെയ്‌സ്ബുക്, ലിങ്ക്ട്-ഇന്‍ തുടങ്ങിയവ മുതല്‍ ടിക്‌ടോക്ക് വരെയുള്ള ആപ്പുകളിലുടെ വരുന്ന വിവരങ്ങളെല്ലാം ശേഖരിക്കുന്നു. ആളുകളെക്കുറിച്ചു വരുന്ന വാര്‍ത്തകള്‍, ക്രിമിനല്‍ കേസുകളുണ്ടെങ്കില്‍ അവയെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റു വിവരങ്ങള്‍ തുടങ്ങിയവയും പ്രൊഫൈലില്‍ ഉള്‍പ്പെടുത്തുന്നു. മിക്കവാറും വിവരങ്ങളൊന്നും രഹസ്യങ്ങളൊന്നുമല്ല. എന്നാല്‍, അതിന്റെ കൂടെ ചിലരുടെ ബാങ്ക് റെക്കോഡുകള്‍, ജോലിക്കായി നല്‍കിയ അപേക്ഷകള്‍, മനഃശാസ്ത്രപരമായ കാര്യങ്ങള്‍ തുടങ്ങിയവയെല്ലം ഉള്‍പ്പെടുത്തുന്നു. ഇന്റര്‍നെറ്റിന്റെ അടിവയറ് എന്നറിയപ്പെടുന്ന ഡാര്‍ക്‌വെബില്‍ വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ അവയും ഉള്‍ക്കൊള്ളിക്കും.

ഇന്ത്യക്കാരെക്കൂടാതെ 52,000 അമേരിക്കക്കാര്‍, 35,000 ഓസ്‌ട്രേലിയക്കാര്‍, 9,700 ബ്രിട്ടിഷുകാര്‍, 5,000 കാനഡക്കാര്‍, 2,100 ഇന്തൊനീഷ്യക്കാര്‍, 1,400 മലേഷ്യക്കാര്‍, 138 പാപ്പുവ ന്യൂഗിനിയക്കാര്‍, 793 ന്യൂസീലൻഡുകാർ എന്നിവരാണ് പട്ടികയിലുള്ളത്. സെൻഹുവയുടെ ഡാറ്റബേസ് ചൈനീസ് സർക്കാരിനും സൈന്യത്തിനും ഉപയോഗിക്കുന്നതിനായാണ് തയ്യാറാക്കിയിരിക്കുന്നത്.