കോവിഡ് വാക്സീനും ഒക്ടോബർ 22 ഉം; നിർണായക പ്രഖ്യാപനം കാത്ത് ലോകം

കൊറോണപ്പേടിയിൽ കഴിയുന്ന ലോകം ആ ഭീതിക്കിടെയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, വാക്സിൻ എത്തുന്നതും കാത്ത്. റഷ്യയും ചൈനയും വാക്സീൻ സജ്ജമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോകം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഒക്ടോബർ 22–ന് വാക്സീന്‍ സംബന്ധിച്ച് വലിയ പ്രഖ്യാപനം അമേരിക്കയിൽ നിന്നുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതേക്കുറിച്ച് നിര്‍ണായക ചർച്ച നടത്തുന്നതിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഒക്ടോബർ 22 ന് ഉപദേശക പാനൽ യോഗം ചേരാൻ ഒരുങ്ങുന്നതായി ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.  മുൻ‌നിര വാക്സീനുകളുടെ വലിയ തോതിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ അടുത്ത ആഴ്ചകളിൽ തുടങ്ങുന്നതിനാൽ ഈ ചർച്ചയ്ക്ക് പ്രാധാന്യം ഏറെയാണ്.

കൊറോണ വൈറസ് വാക്സീനുകളുടെ വിധി നിർണയിക്കാൻ സഹായിക്കുന്ന ഒന്നായിരിക്കും ആ ചർച്ച എന്നാണ് ഉന്നത യുഎസ് ഹെൽത്ത് റെഗുലേറ്റർ പറഞ്ഞത്. പരീക്ഷണങ്ങൾക്കായി നിരവധി പേരെ ചേർക്കുന്നുണ്ടെന്നും ഒക്ടോബർ ആദ്യം തന്നെ ഇത് സംബന്ധിച്ചുള്ള ഡേറ്റ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഫൈസർ, ബയോഎൻടെക്കും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 വാക്സിൻ ഒക്ടോബർ ആദ്യം തന്നെ റെഗുലേറ്ററി അവലോകനത്തിനായി സമർപ്പിക്കുമെന്ന് അറിയിച്ചു. വാക്സീൻ സ്വീകരിച്ചവരിൽ 20 ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് പനി റിപ്പോർട്ട് ചെയ്തത്. കുത്തിവെച്ചവര്‍ക്കെല്ലാം വാക്സീൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനികൾ പറഞ്ഞു. യു‌എസിലെയും ജർമനിയിലെയും ഒന്നാം ഘട്ട ട്രയലുകളിൽ നിന്നുള്ള ഡേറ്റ വിശകലനം ചെയ്യുന്നത് കമ്പനികൾ തുടരുകയാണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.