തകർന്നുവീണ വിമാനം പത്തുവർഷം ചൈന ഉപയോഗിച്ചത്; പാക്കിസ്ഥാന് നൽകി; റിപ്പോർട്ട്

പാക്കിസ്ഥാനിൽ  യാത്രാവിമാനം ജനവാസമേഖലയിൽ തകർന്നു വീണുണ്ടായ അപകടത്തിൽ 97 പേരാണ് കൊല്ലപ്പെട്ടത്. ചൈന പാകിസ്ഥാന് നൽകിയ വിമാനമാണ് തകർന്നു വീണതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പത്തുവർഷം ചൈന ഉപയോഗിച്ച വിമാനമാണിത്. ഇത് പിന്നീട് പാക്കിസ്ഥാന് വിൽക്കുകയായിരുന്നു. പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ എയർബസ് എ320 വിമാനമാണു കറാച്ചിയിൽ ഇറങ്ങാൻ ശ്രമിക്കുമ്പോൾ തകർന്നുവീണത്. 

അപകടത്തിന് പിന്നാലെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 2004 മുതൽ 2014 വരെ ചൈന ഈസ്റ്റേൺ എയർലൈൻസായിരുന്നു ഇൗ വിമാനം ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് പാക്കിസ്ഥാന് നൽകി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 91 യാത്രക്കാരും 8 ജീവനക്കാരുമായി തകർന്നു വീണ വിമാനത്തിലെ 97 പേരാണു കൊല്ലപ്പെട്ടത്. മരിച്ചവരിൽ 31 സ്ത്രീകളും 9 കുട്ടികളുമുണ്ട്. വിമാനം തകർന്നു വീണ് 25 വീടുകളും തകർന്നു. ഈ വീടുകളിലെ 11 പേർക്കു പരുക്കുണ്ട്.

അപകടത്തിൽപെട്ട വിമാനത്തിൽ ഒടുവിൽ പരിശോധന നടത്തിയത് 2 മാസം മുൻപാണെന്നും അപകടത്തിന്റെ തലേന്നു വിമാനം മസ്കത്തിൽ നിന്നു ലഹോറിലേക്കു പറന്നതാണെന്നും പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് അറിയിച്ചു.