കൊറോണ ബാധിച്ച 60% പേർക്കും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല; റിപ്പോര്‍ട്ടില്‍ ഇന്ത്യക്കും ആശങ്ക

കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ 60 ശതമാനത്തിനും കാര്യമായ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. കാര്യമായ ലക്ഷണങ്ങള്‍ കാണിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ അധികൃതരെ അറിയിച്ചില്ലെന്നും ഇതോടെ സര്‍ക്കാരിന്റെ രോഗികളുടെ പട്ടികയില്‍ നിന്ന് ഇവര്‍ പുറത്താണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 21 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഇന്ത്യയെ പോലും ഏറെ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടാണിത്. ഒരാൾ ആരോഗ്യവാൻ ആണെങ്കിൽ അദ്ദേഹം വഴി വൈറസ് മറ്റുള്ളവരിലേക്ക് പകരും. എന്നാൽ ആരിൽ നിന്നാണ് വൈറസ് കിട്ടിയതെന്ന് പെട്ടെന്ന് കണ്ടെത്താനും കഴിയില്ല. ഇത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

അതേസമയം, രോഗം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതില്‍ ഇത്തരത്തിലുള്ളവര്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു. വുഹാനിലെ വിവിധ ലബോറട്ടറികളില്‍ നിന്നും ശേഖരിച്ച 26,000 പേരുടെ പരിശോധന ഫലങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്ത് നടത്തിയ പരിശോധനകളാണിത്. വിദഗ്ധ വിശകലനത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഈ ഗവേഷണഫലം മെഡ്റെക്സിവിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ചൈനീസ് അധികൃതര്‍ ലക്ഷണങ്ങള്‍ കാണിക്കാത്തതും ശ്വാസകോശത്തിന് കാര്യമായ മാറ്റങ്ങള്‍ ഇല്ലാത്തതുമായ കോവിഡ് 19 രോഗികളെ പ്രത്യേക പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. കാര്യമായ ലക്ഷണങ്ങള്‍ കാണിക്കാത്ത പലരും സ്വാഭാവികമായി അധികൃതരെ പിന്നീട് ബന്ധപ്പെടുകയോ വൈദ്യസഹായം തേടുകയോ ചെയ്തിട്ടില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഗവേഷകസംഘത്തിന്റെ ഗണിത മാതൃക ഉപയോഗിച്ച് ഫെബ്രുവരി 18 ആകുമ്പോഴേക്കും വുഹാനില്‍ 26,252 പേര്‍ക്ക് കോവിഡ് 19 കൃത്യമായ ലക്ഷണങ്ങളോടെ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. ഫെബ്രുവരി 18ന് 25,961 പേരിലാണ് ചൈന കോവിഡ് 19 ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇത്തരത്തില്‍ ലക്ഷണം കാണിക്കാത്തവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ ചൈനയില്‍ മാത്രം കൊറോണ ബാധിച്ചവരുടെ എണ്ണം ഫെബ്രുവരി 18ന് തന്നെ 1.25 ലക്ഷത്തിലെത്തുമെന്നാണ് ഇവരുടെ പഠനം പറയുന്നത്.

കാര്യമായ ലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് 19 രോഗികള്‍ നേരത്തെ രോഗം ബാധിച്ചവരുമായി അടുത്ത് ഇടപഴകിയവരാണെന്നാണ് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷനിലെ എപിഡെമിയോളജിസ്റ്റ് വു സുന്‍യു പറഞ്ഞത്. വുഹാനില്‍ കര്‍ശനമായ ക്വാറന്റിൻ നിലവിലുണ്ടായിരുന്നതിനാല്‍ ഇവര്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയായിട്ടില്ലെന്നും വീണ്ടും കൊറോണ ലക്ഷണങ്ങള്‍ കാണിച്ചാല്‍ മാത്രം ഇവരെ രോഗികളുടെ പട്ടികയില്‍ പെടുത്തിയാല്‍ മതിയെന്നുമാണ് പറഞ്ഞത്.