ഇന്ത്യക്കാർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി; അഞ്ചു മലയാളികളും

അഞ്ചു മലയാളികളടക്കം ഇരുപത്തഞ്ചോളം ഇന്ത്യക്കാർ അഞ്ചുദിവസമായി ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. യാത്രാസർവീസുകൾ നിർത്തലാക്കിയതോടെ നാട്ടിലേക്കു മടങ്ങാമെന്ന അവസാന പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. ട്രാൻസിറ്റ് യാത്രക്കാരായതിനാൽ വിമാനത്താവളത്തിനു പുറത്തേക്കിറങ്ങാനാകാത്ത അവസ്ഥയിലാണിവർ.

പോർച്ചുഗലിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട തിരുവനന്തപുരം സ്വദേശികളായ ജാക്സൻ, സഹോദരൻ ബെൻസൻ, റഷ്യയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രാജു, യൂറോപ്പിൽ നിന്ന് നാട്ടിലേക്ക് തിരിച്ച അരുൺ തുടങ്ങി അഞ്ചു മലയാളികളുൾപ്പെടെയുള്ളവരാണ് ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയിലേക്കും തിരികെയുമുള്ള വിമാനസർവീസുകൾ റദ്ദാക്കിയതോടെയാണ് ഇവർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിദേശകാര്യമന്ത്രാലയത്തേയും നോർക്ക റൂട്സ് അധികൃതരേയും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ലെന്നു ഇവർ പറയുന്നു. വിമാനത്താവള അധികൃതരാണ് ഭക്ഷണത്തിനുള്ള കൂപ്പൺ നൽകുന്നത്. എന്നാൽ, അതും ഉടൻ നിലയ്ക്കുമെന്ന ആശങ്കയിലാണിവർ.

വിമാനത്താവളത്തിൻറെ പരിമിതിക്കുള്ളിലായതിനാൽ മുഷിഞ്ഞ വസ്ത്രം മാറ്റിയുടുത്താണിവർ കഴിയുന്നത്.  വിദേശകാര്യമന്ത്രാലയവും സംസ്ഥാന സർക്കാരും ഇടപെട്ട് നാട്ടിലേക്കെത്തിക്കണമെന്നാണ് ആവശ്യം. അത്യാവശ്യമായി, താമസഭക്ഷണ സൌകര്യമെങ്കിലും ഒരുക്കാൻ കേന്ദ്രസംസ്ഥാനസർക്കാരുകൾ ഇടപെടണമെന്നും ഇവരാവശ്യപ്പെടുന്നു.