സ്വവർഗാനുരാഗിയെ അംഗീകരിക്കാനില്ല; പ്രസിഡന്റ് സ്ഥാനാർഥിക്കുള്ള പിന്തുണ പിൻവലിച്ച് യുവതി

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ പിന്തുണച്ച സ്ഥാനാർഥി സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെട്ടതോടെ ചെയ്ത വോട്ട്തിരിച്ചെടുക്കാൻ അനുവദിക്കണമെന്ന് യുവതി. അമേരിക്കയിലെ അയോവയിലാണ് സംഭവം. ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയായ പീറ്റ് ബുട്ടിഗെയ്ഗ് അനുകൂലികളുടെ യോഗത്തിലാണ് യുവതി ഇക്കാര്യം ആവശ്യപ്പെട്ടത്. 

യോഗത്തിലെ സജീവ ചർച്ചകൾക്കിടയിൽ പീറ്റ് ഗേ ആണെന്നും പാർട്ട്ണറുടെ കാര്യവും അനുയായികളിലൊരാൾ സംസാരിച്ചു. ഇതോടെ സ്വവർഗാനുരാഗിയായ ഒരാൾ വൈറ്റ്ഹൗസിൽ എത്തുന്നത് ആലോചിക്കാൻ പോലും കഴിയുന്നില്ല. എന്റെ മതവിശ്വാസങ്ങൾക്ക് അത് എതിരാണെന്നും യുവതി വ്യക്തമാക്കി. വോട്ട് ചെയ്ത സമയത്ത് ഇക്കാര്യം താൻ അറിഞ്ഞിരുന്നില്ല. പീറ്റ് അത്യാവശ്യമായി ബൈബിൾ വായിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. 

എന്നാൽ ചർച്ചകൾക്ക് നേതൃത്വം നല്‍കിയ ഡമോക്രാറ്റ് നേതാവ് ഹീവർ യുവതിയുടെ അഭിപ്രായത്തെ മാനിക്കുന്നുവെന്ന് വ്യക്തമാക്കി. സമയം കിട്ടുമ്പോൾ ഉള്ളിലേക്ക് നോക്കണമെന്നും എല്ലാവരെയും സ്നേഹിക്കാനാണ് ക്രിസ്തു പറഞ്ഞതെന്നും ഹീവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന പൊതുപരിപാടിയിലാണ് താൻ ഗേ ആണെന്ന് പീറ്റ് വെളിപ്പെടുത്തിയത്. മികച്ച സ്വീകാര്യതയാണ് പീറ്റിന് ജനങ്ങൾക്കിടയിലെന്ന് സർവേകളും പറയുന്നു.