പത്തുവയസ്സുകാരനിൽ നിന്നും ഗർഭം ധരിച്ചെന്ന് 13 കാരി; വിചിത്രവാദം; വിവാദം

പ്രതീകാത്മക ചിത്രം

റഷ്യയിൽ പത്തുവയസ്സുകാരനിൽ നിന്ന് ഗർഭം ധരിച്ചെന്ന് അവകാശപ്പെട്ട് 13 കാരി രംഗത്ത്. യൂറോളജി /ആൻഡ്രോളജി സ്പെഷലിസ്റ്റ് ഇൗ വാദങ്ങളെ തള്ളി.. പയ്യനെ പരിശോധിച്ച ഡോക്ടർ പറയുന്നത് ഗർഭമുണ്ടാവാൻ അത്യാവശ്യമായി വേണ്ട സെക്‌ഷ്വൽ ഹോർമോണുകൾ പുറപ്പെടുവിച്ചു തുടങ്ങാനുള്ള പ്രായം കുട്ടിക്ക് ആയിട്ടില്ല എന്നാണ്. അവന്റെ ലൈംഗികാവയവങ്ങൾ ഇപ്പോഴും ശൈശവദശ പിന്നിട്ടിട്ടില്ല. സൈബീരിയയിലാണ് സംഭവം. ഡോക്ടറുടെ കണ്ടെത്തൽ പുറത്തുവന്നതോടെ റഷ്യയിൽ ഇതിനെച്ചുറ്റി ചർച്ചകളും സജീവമാണ്.

ഒരു വർഷം മുമ്പ് തങ്ങൾ കണ്ടുമുട്ടിയെന്നും പ്രണയത്തിലായെന്നും കുട്ടികൾ പറയുന്നു. തനിക്ക് മറ്റാരുമായും ബന്ധമില്ലെന്നും ഗർഭസ്ഥ ശിശുവിന്റെ പിതാവ് ബാലൻ തന്നെയാണെന്നും പെൺകുട്ടി ഉറപ്പിച്ചു പറയുന്നു. പയ്യൻ അതു ശരിവയ്ക്കുന്നുമുണ്ട്. ബാലന്റെ വീട്ടിൽ വച്ചാണ് തങ്ങൾ ബന്ധപ്പെട്ടതെന്നും അവർ പറയുന്നുണ്ട്. ഇപ്പോൾ രണ്ടുമാസം ഗർഭിണിയാണ് പെൺകുട്ടി. പെൺകുട്ടി കള്ളം പറയുകയല്ലെന്ന് ഒരു സൈക്കോളജിസ്റ്റ് സാക്ഷ്യപ്പെടുത്തിയിരുന്നു. 

രണ്ടു കുട്ടികളുടെയും അച്ഛനമ്മമാരുടെ സമ്മതത്തോടെ ഒരു ടെലിവിഷൻ ഷോ വഴിയാണ് ഇരുവരുടെയും പേരുവിവരങ്ങളും ഫോട്ടോയും വിഡിയോയും ഉൾപ്പെടെ പുറത്തുവന്നത്. ഷോയിൽ ഡോ. യെവ്ജനി ഗ്രെക്കോവ് എന്ന പ്രസിദ്ധ യൂറോളജി/ആൻഡ്രോളജി സ്പെഷലിസ്റ്റാണ് പതിമൂന്നുകാരിയുടെ ഗർഭത്തിനു കാരണം ബാലനാകാനുള്ള സാധ്യതകളെ പാടേ തള്ളിയത്.

ലബോറട്ടറി പരിശോധനകളുടെ ഫലങ്ങൾ മൂന്നുതവണ പരിശോധിച്ചു എന്നും ഇക്കാര്യത്തിൽ തനിക്കുറപ്പാണ് എന്നും അദ്ദേഹം പറഞ്ഞു. അവനൊരു കുട്ടിയാണെന്നും അവന്റെ വൃഷണങ്ങൾ സ്പേം സെല്ലുകൾ ഉത്പാദിപ്പിച്ചു തുടങ്ങാറായിട്ടില്ലെന്നും ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ സാന്നിധ്യമില്ലെന്നും ഡോ. ഗ്രെക്കോവ് പറയുന്നു.

മകൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. ‘എനിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. പക്ഷേ ഗർഭസ്ഥശിശുവിനെ ഇല്ലാതാക്കില്ലെന്ന് മകൾ പറഞ്ഞു. ഞാൻ അവളെ പിന്തുണച്ചു.’ 

അച്ഛനമ്മമാരുടെ സഹായത്തോടെ തങ്ങളുടെ കുഞ്ഞിനെ വളർത്താൻ തന്നെയാണ് ‘കുട്ടിമാതാപിതാക്കളുടെ’ തീരുമാനം.