മധുവിധുവിന് അമ്മയെയും കൂട്ടി; ഭർത്താവുമായി പ്രണയം; ഗർഭം; വിവാഹം നടത്തി മകള്‍

മകളുടെ ഭർത്താവിനെ പ്രണയിച്ച് അമ്മ കുഞ്ഞിന് ജന്മം നൽകിയതായി റിപ്പോര്‍ട്ട്. സൗത്ത് വെസ്റ്റ് ലണ്ടനിലാണ് സംഭവം. അമ്മയും ഭർത്താവും ചെയ്ത ചതിയിൽ ഹൃദയം നൊന്ത മകൾ തന്നെയാണ് ഈ വിവരം പങ്കുവെച്ചതെന്ന് സണ്‍ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 വർഷങ്ങൾക്കിപ്പുറവും അമ്മയുടെയും ഭർത്താവിന്റെയും ചതിയുടെ ആഘാതത്തിൽ നിന്ന് മകൾ മുക്തയായിട്ടില്ല. 34 വയസുകാരിയായ ലൊറൻ എന്ന യുവതിയാണ് തനിക്ക് സംഭവിച്ച തകർച്ചയുടെ കഥ പറയുന്നത്. 2004 ആഗസ്തിലായിരുന്നു ലൊറന്റെയും എയർപോർട്ട് ജീവനക്കാരനായ പോൾ വൈറ്റിന്റെയും വിവാഹം. വിവാഹത്തിന് രണ്ടുവർഷം മുൻപ് തന്നെ ഒരുമിച്ച് ജീവിതം തുടങ്ങിയ ഇവർക്ക് ഒരു കുഞ്ഞുമുണ്ട്. കുഞ്ഞിന്റെ ജനനത്തോടെയാണ് കുടുംബം ആരംഭിക്കാമെന്ന് ലൊറനും ഭർത്താവും തീരുമാനിക്കുന്നത്.

ഇവിടെ തീരുമാനത്തിന് അമ്മ ജൂലിയും പിന്തുണച്ചു. ആർഭാടപൂർവ്വം അമ്മ തന്നെയാണ് മകളുടെ വിവാഹം നടത്തിക്കൊടുത്തതും. എല്ലാത്തിനും ഒപ്പം നിന്ന അമ്മയോടുള്ള സ്നേഹക്കൂടുതൽ കാരണം വിവാഹശേഷമുള്ള ആദ്യ യാത്രയിൽ ലൊറൻ അമ്മയേയും കൂട്ടി. എന്നാൽ മൂന്നാഴ്ച നീണ്ടുനിന്ന ആ യാത്ര ലൊറന്റെ ജീവിതം തകിടം മറിച്ചു. മധുവിധു യാത്രയ്ക്കിടെ മരുമകൻ ഭാര്യാമാതാവുമായി അടുത്തു. 

മൂന്നാഴ്ചയ്ക്ക് ശേഷം വീട്ടിൽ തിരികെ എത്തിയപ്പോൾ ആൾ ആകെ മാറി. മണിക്കൂറുകളോളം ഫോണിൽ ചെലവഴിക്കാൻ തുടങ്ങി. പലപ്പോഴും വീട്ടിൽ വളരെ വൈകിയെത്തി. ലൊറനെ അവഗണിച്ചു. പോളിന്റെ പെരുമാറ്റത്തിൽ ലോറന് സംശയം തോന്നി. അപ്പോഴും അമ്മയെ സംശയിച്ചതേയില്ല. ഒരു ദിവസം ലൊറന്റെ സഹോദരിയാണ് അമ്മയുടെ ഫോണിലേക്ക് പോൾ അയച്ച സന്ദേശങ്ങൾ കണ്ടെത്തിയത്. ലൊറൻ ഇതേക്കുറിച്ച് അമ്മയോട് ചോദിച്ചപ്പോൾ ലൊറന് ഭ്രാന്ത് പറയുകയാണെന്നായിരുന്നു മറുപടി. 

എന്നാൽ ഈ ബന്ധം അധികകാലം ജൂലിക്കും പോളിനും മറച്ചുവെക്കാൻ സാധിച്ചില്ല. ലൊറനെ ഉപേക്ഷിച്ച് പോൾ അമ്മയ്ക്കൊപ്പം താമസം ആരംഭിച്ചു. ഇരുവരും വീടുവിട്ടുപോയ ശേഷം മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി ലോറൻ അറിഞ്ഞു. തന്റെ ഭർത്താവിൽ നിന്നും അമ്മ ഗർഭിണിയാണെന്ന്. മാനസികമായി ലൊറൻ തകർന്നു. എന്നാൽ ലോറൻ തന്നെ മുൻകയ്യെടുത്ത് അമ്മയുടെയും ഭർത്താവിന്റെ വിവാഹം നടത്തി. സ്വന്തം കുഞ്ഞിന് വേണ്ടിയാണ് ലൊറൻ വിവാഹത്തിൽ പങ്കെടുത്തത്. ഏറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത രണ്ടുപേർ കാണിച്ച ചതി ലൊറന്റെ ജീവിതത്തിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.

.