ഉണ്ടായിരുന്നത് 46,000 കോലകൾ; കാട്ടുതീക്ക് ശേഷം 9000 മാത്രം; കണ്ണീരൊഴുക്കി മിണ്ടാപ്രാണികൾ

കങ്കാരു ഐലൻഡിലെ വൈൽഡ് ലൈഫ് പാർക്കിലുള്ള കോല ആശുപത്രിയിൽ  എല്ലാ ദിവസവും എത്തുന്നത് ഡസൻകണക്കിന് കോലകളാണ്. എല്ലാം കാട്ടുതീയിൽപ്പെട്ട് ഗുരുതരപരുക്കോടെ രക്ഷപ്പെട്ടത്. കൂടകളിലും ചെറു ബാസ്കറ്റ്കളിലുമൊക്കെയായി രക്ഷിക്കാവുന്നിടത്തോളം കോലകളെ ഇവിടെയത്തിക്കുകയാണ് ആളുകൾ. നമ്പറിട്ടാണ് അധികൃതർ ഇപ്പോൾ ചികിൽസിക്കുന്നത്.

46,000 കോലകൾ ആണ് കാട്ടുതീ പടർന്നതിനുമുൻപ് ഐലൻഡിൽ ഉണ്ടായിരുന്നത്. അവയുടെ എണ്ണം ഇപ്പോൾ 9000 മാത്രമായി ചുരുങ്ങിയെന്നാണ് അദികൃതർ വ്യക്തമാക്കുന്നത്. വേഗത കുറഞ്ഞ ജീവികളായതിനാൽ ഇവയ്ക്ക് കാട്ടുതീയിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല. കങ്കാരു ഐലൻഡിലെ പകുതിയിലേറെ ഭാഗം തീപിടുത്തത്തിൽ നഷ്ടപ്പെട്ടതായാണ്  കണക്കാക്കുന്നത്. ഇവിടെയുണ്ടായിരുന്ന കോലകളിൽ 80 ശതമാനവും  കാട്ടുതീയിൽ തുടച്ചുനീക്കപ്പെട്ടു. വനത്തിന്റെ വലിയൊരു ഭാഗം തന്നെ നഷ്ടപ്പെട്ടതിനാൽ ചികിത്സയിലിരിക്കുന്ന മൃഗങ്ങൾ രക്ഷപ്പെട്ടാൽ അവയെ എവിടെ പാർപ്പിക്കുമെന്ന ആശങ്കയും ഉയരുകയാണ്.