ചത്ത് തീരത്തടിഞ്ഞ് കൊലയാളി തിമിംഗലം; 20 വർഷത്തിനിടെ ആദ്യം; അമ്പരപ്പ്

രണ്ടാഴ്ചയോളം പഴക്കമുള്ള കൊലയാളി തിമിംഗലത്തിന്‍റെ ജഡം തീരത്തടിഞ്ഞു. ഇംഗ്ലണ്ടിലെ വെയില്‍സിലാണ് സംഭവം. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കൊലയാളി തിമിംഗലം ബ്രിട്ടിഷ് തീരത്തു ചത്തടിയുന്നത്. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് വിശദമായ പഠനത്തിനൊരുങ്ങുകയാണ് ഗവേഷകർ.

ബ്രിട്ടന്‍റെ കിഴക്കന്‍ തീരത്താണ് ഈ തിമിംഗലത്തെ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ഈ ആണ്‍ തിമിംഗലത്തിന്‍റെ പ്രായം കൃത്യമായി മനസ്സിലാക്കാന്‍ പരിശോധനകള്‍ നടന്നു വരികയാണ്. ഏതാണ്ട് 4.5 മീറ്റര്‍ വലുപ്പമുള്ള ഈ കുട്ടി തിമിംഗലത്തിന്‍റെ മരണകാരണവും വ്യക്തമല്ല. അതേസമയം പുറമെയുള്ള ശരീരഭാഗങ്ങള്‍ മാത്രമാണ് അഴുകിയിരിക്കുന്നത് എന്നതിനാല്‍ ഈ തിമിംഗലം ചത്തിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടില്ലെന്നും ഗവേഷകരുടെ നിഗമനം.

മരണകാരണം കണ്ടെത്താനായി ആന്തരിക അവയവങ്ങളും പ്രായം കണ്ടെത്താനായി തിമിംഗലത്തിന്‍റെ പല്ലിനെയുമാണ് ഗവേഷകര്‍ ആശ്രയിക്കുന്നത്. തിമിംഗലത്തെ ആരും പിടികൂടി ഇവിടെയെത്തിച്ചതാകാനുള്ള സാധ്യദ്ധ്യത ഗവേഷകര്‍ തള്ളിക്കളഞ്ഞു. എല്ലാ ലക്ഷണങ്ങളും സ്വാഭാവികമായി തിരയില്‍ പെട്ടാണ് തിമിംഗലത്തിന്‍റെ ശരീരം തീരത്തെത്തിയതെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. സുവോളജിക്കല്‍ സര്‍വേ ഓഫ് ലണ്ടനിലെ ഗവേഷകരാണ് തിമിംഗലത്തെ വിശദമായി പരിശോധിക്കുന്നത്.