അമിതമായി വെള്ളം കുടിക്കുന്നു; ഓസ്ട്രേലിയയിൽ 10,000 ഒട്ടകങ്ങളെ കൊന്നൊടുക്കും

ഓസ്ട്രേലിയയില്‍ അൻപതുകോടിയിലധികം മൃഗങ്ങൾ ഇതിനോടകം കാട്ടുതീയിൽ ചത്തൊടുങ്ങിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഇതിന് പിന്നാലെ അധികൃതരുടെ പുതിയ തീരുമാനം ലോകത്തെ അമ്പരപ്പിക്കുകയാണ്. പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കാട്ടുതീ പടർന്നു പിടിച്ചതും ഉയരുന്ന ചൂടും വരൾച്ചയിലേക്ക് വഴിവയ്ക്കുകയാണ്. ഇൗ അവസരത്തിൽ ഒട്ടകങ്ങൾ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് അവയെ കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

23000ത്തോളം പേർ താമസിക്കുന്ന ഓസ്‌ട്രേലിയയിലെ എപിവൈ പ്രദേശത്ത് ഇപ്പോൾ വരള്‍ച്ച രൂക്ഷമാണ്. മനുഷ്യവാസ സ്ഥലത്തേക്ക് മൃഗങ്ങള്‍ കടന്നുകയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് പരാതികൾ വ്യാപകമാണ്. ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ധവാണ് പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നത്. ഇതോടെയാണ് പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തുന്ന പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലുമെന്നാണ് റിപ്പോർട്ടുകൾ.  'ദ ഹില്‍' പത്രമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.