കാട്ടുതീയില്‍ വെന്തുരുകി ഒാസ്ട്രേലിയ; വെള്ളവും വായുവും അടക്കം സര്‍വ്വവും മലിനം

ദിവസങ്ങളായി തുടരുന്ന കാട്ടുതീയില്‍ വെന്തുരുകുകയാണ് ഒാസ്ട്രേലിയയിലെ സൗത്ത് വെയില്‍സ്. അഗ്നിബാധയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വെള്ളം വായു അടക്കം സര്‍വ്വവും മലിനമായിരിക്കുകയാണ്.

ആവാസ ഇടങ്ങള്‍ നഷ്ടപ്പെട്ടും പൊള്ളലേറ്റും വീണുകിടക്കുന്ന നിരവധി മൃഗങ്ങള്‍ ദുരിതക്കാഴ്ചയുടെ ആഴം കൂട്ടുന്നു. വംശനാശഭീഷണിയുടെ വക്കിലുള്ള ജീവി വര്‍ഗമാണ് കൊആല. അധികൃതരുടെ കണക്കനുസരിച്ച് കൊആലകളുടെ 50% ഇല്ലാതായിരിക്കുന്നു. ഒരാഴ്ചയിലധികമായി south Walesലെ 6 ദശലക്ഷം hectre ഭൂമിയാണ് കാട്ടുതീ വിഴുങ്ങിയത്. ഒന്നും ബാക്കിയില്ലാതെ എല്ലാം ചാരമായിരിക്കുന്നു. 

മൃഗസമ്പത്തിന്റെ ഭൂരിഭാഗവും ഇല്ലാതായെന്നാണ് കരുതപ്പെടുന്നത്. 4000ത്തിലധികം കന്നുകാലികള്‍, ചെമ്മരിയാട്, തേനീച്ചക്കൂടുകള്‍,വിവിധയിനം പക്ഷികള്‍, അങ്ങനെ വലിയൊരുവിഭാഗം ജീവിവര്‍ഗങ്ങള്‍ അപ്രത്യക്ഷമായി.

അഗ്നിശമനസേനയുടെ വലിയൊരുനിരതന്നെ നിരന്തരപ്രയത്നം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കാന്‍ നോക്കുന്നത്. തീയണക്കുന്നതിനിടെ മരണമടഞ്ഞ അഗ്നിശമനസേനാംഗത്തിന്റെ സംസ്കാരചടങ്ങ് വികാരനിര്‍ഭരമായിരുന്നു. ഒരു ഭൂപ്രദേശമാകെ തരിശാക്കിയാണ് കാട്ടുതീ പടര്‍ന്നത്. 23 മനുഷ്യജീവനുകള്‍ ഇല്ലാതായി. 2000ത്തിലധികം വീടുകള്‍ ചാമ്പലായി. അനിതരസാധാരണമായ കാലാവസ്ഥാവ്യതിയാനമാണ് ഇത്തരം കാട്ടുതീയ്ക്ക് കാരണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാട്ടുതീ പടരും മുന്‍പ് അസഹനീയമായ ചൂടാണ് australiaയില്‍ അനുഭവപ്പെട്ടത്. തീയണക്കാന്‍ വേണ്ട നടപടികള്‍ വേണ്ടത്ര ഏകോപനത്തോടെ നടപ്പാക്കിയില്ല എന്ന വിമര്‍ശനം നേരിടുകയാണ് australian പ്രധാനമന്ത്രി Scott Morrison. ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന അഗ്നിശമനസേനപ്രനര്‍ത്തകര്‍ക്ക് നന്ദിയും സ്നേഹവും അറിയിച്ച് ആശംസാകാര്‍ഡുകള്‍ അയക്കുന്ന കുരുന്നുകളാണ്  ഇപ്പോള്‍ ദുരന്തഭൂമിയില്‍ കുളിര്‍മഴയാവുന്നത്.