പാലം കടക്കുന്നതിനിടെ മുതല ആക്രമിച്ചു; അനിയത്തിയെ രക്ഷിച്ച് പതിനഞ്ചുകാരൻ; കയ്യടി

മുതലയുടെ ആക്രമണത്തിൽ നിന്ന് സഹോദരിയെ രക്ഷപ്പെടുത്തിയ പതിനഞ്ചുകാരന് അഭിനന്ദനപ്രവാഹം. ഫിലിപ്പീൻസിലാണ് സംഭവം. പുഴക്ക് കുറുകെയുള്ള ചെറിയ പാലം കടക്കുന്നതിനിടെയാണ് ഹൈന ലിസ ഹാബി(12) യെ മുതല ആക്രമിച്ചത്. 

ഹൈനയുടെ സഹോദരൻ ഹാഷിം പാലം കടന്ന് അക്കരെയെത്തിയിരുന്നു. പാലം കടക്കുകയായിരുന്ന ഹൈന കരയിലെത്തുന്നതിന് തൊട്ടുമുൻപ് പുഴയിലേക്ക് വീണു. അപ്പോഴാണ് മുതല ആക്രമിച്ചത്. കാൽ വായിലാക്കിയ മുതല, ഹൈനയെ പുഴയിലേക്ക് വലിച്ചുകൊണ്ടുപോകാൻ തുടങ്ങിയിരുന്നു. ഉടൻ ഹൈനയെ രക്ഷിക്കാൻ ഹാഷിം പാഞ്ഞടുത്തു. 

ആദ്യം ഹൈനയുടെ കയ്യിൽ മുറുകെ പിടിച്ച ഹാഷിം, മുതലക്ക് നേരെ പാറക്കല്ലുകൾ എടുത്തെറിഞ്ഞു. വലിയ പാറക്കല്ലുകൾ തലയിൽ പതിച്ചതോടെ ഹൈനയുടെ കാലിൽ നിന്ന് മുതല പിടിവിട്ടു. വലതുകാലിൽ ഗുരുതരമായ പരുക്കോടെ ഹൈന രക്ഷപ്പെട്ടു. 

''ഭയന്ന് നിലവിളിക്കുകയായിരുന്നു ഞാൻ. ഹാഷിം രക്ഷപ്പെടുത്തി. ഹാഷിമിനോട് ഒരുപാട് സ്നേഹം തോന്നുന്നു, അവനാണ് എന്റെ ജീവൻ രക്ഷിച്ചത്''- ഹൈന പറഞ്ഞു.