തൊലി ഊരിപ്പോകും, തലയുടെ ഭാഗം വീർക്കും; ഭയപ്പെടുത്തുന്ന രോഗവുമായി പാമ്പുകൾ

കാലിഫോർണിയയിൽ പാമ്പുകൾക്ക് അപൂർവ്വരോഗം. തൊലി ഉരിഞ്ഞ് മമ്മിഫിക്കേഷൻ നടത്തിയ രീതിയിൽ നിരവധി പാമ്പുകളെയാണ് കണ്ടെത്തിയത്.  ഇതാദ്യമായാണു പാമ്പുകളിൽ ഇത്തരം ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്തെ ഒരാളാണു വഴിയരികിൽ മെലിഞ്ഞ്, അവശനിലയിൽ കണ്ടെത്തിയ കിങ്സ്നേക്കിനെ ആശുപത്രിയിലെത്തിച്ചത്. അവയുടെ ദേഹത്തെ ശൽക്കങ്ങളെല്ലാം പൊളിഞ്ഞു വീഴാറായ പരുവത്തിലായിരുന്നു. തൊലിയാകട്ടെ ആകെ ചുക്കിച്ചുളിഞ്ഞ് ഉണങ്ങി ഊർന്നിറങ്ങിയ പോലെയും. തലയുടെ ഭാഗം വീർത്തിരിക്കുകയായിരുന്നു. കണ്ണുകൾക്കു ചുറ്റിലും പാട കെട്ടിയതു പോലെയും. അതിനാൽത്തന്നെ കണ്ണു കാണാതെ, ഇര തേടാനാകാതെ വഴിയരികിൽ കിടക്കുമ്പോഴാണു രക്ഷപ്പെടുത്തിയത്. പക്ഷേ ആശുപത്രിയിലെത്തിച്ചെങ്കിലും പാമ്പിനെ രക്ഷിക്കാനായില്ല. 

ഒറ്റനോട്ടത്തിൽ ‘മമ്മിഫിക്കേഷനു’ വിധേയമാക്കിയ പാമ്പിനെപ്പോലുണ്ടായിരുന്നു അതെന്നാണ് കലിഫോർണിയ ഡിപാർട്മെന്റ് ഓഫ് ഫിഷ് ആന്‍ഡ് വൈൽഡ്‌ലൈഫിലെ ഉദ്യോഗസ്ഥർ പറഞ്ഞത്. പാമ്പുകളുടെ എണ്ണം കുറയ്ക്കാൻ വരെ കഴിവുള്ള രോഗമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നതും ആശങ്കയ്ക്കിടയാക്കുന്നു. പരിസ്ഥിതി പ്രവർത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം ജാഗ്രതയിലാണ്. മനുഷ്യരിലേക്ക് ഫംഗസ് പടരാൻ സാധ്യതയില്ലെന്ന് പറയുമ്പോഴും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.

2008ലാണ് ഈ ഫംഗസ് രോഗം ആദ്യമായി കണ്ടെത്തുന്നത്. Ophidiomyces ophiodiicola എന്നു പേരുള്ള ഫംഗസാണ് രോഗം പരത്തുന്നത്. യുഎസിലെയും യൂറോപ്പിലെയും 30 ഇനം പാമ്പുകളിലും ഈ ഫംഗസിനെ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. യുഎസിലെ 23 സ്റ്റേറ്റിലും കാനഡയിലെ ഒരു പ്രവിശ്യയിലും ഇതിന്റെ സാന്നിധ്യമുണ്ട്. ശരീരത്തിലെ മുറിവുകൾ വഴിയും മറ്റു പാമ്പുകളുമായി പോരടിക്കുമ്പോഴുമൊക്കെയാണ് ഈ രോഗം പകരുന്നത്. രോഗം രൂക്ഷമായാൽ പാമ്പുകളുടെ പടം പൊടിയാനും ആരംഭിക്കും. ഇരപിടിക്കാനാകാതെ തളർന്നു കിടക്കുന്ന പാമ്പുകളെ പരുന്തുകളെപ്പോലുള്ള പക്ഷികളും മറ്റും എളുപ്പം ഇരയാക്കുകയും ചെയ്യും.