കുഞ്ഞിനെ 'ഭയങ്കരി'യാക്കി കഫെ; വിവാദമായതോടെ മാപ്പ്; പിന്നാലെ സൗജന്യഭക്ഷണം

ഹോട്ടൽ ബില്ലിൽ രണ്ട് വയസുള്ള കുട്ടിയെ 'ഭയങ്കരി' എന്ന് അഭിസംബോധന ചെയ്തതിനെതിരെ കുറിപ്പുമായി അമ്മ. ന്യൂസിലൻഡിലാണ് സംഭവം. ക്രൈസ്റ്റ് ചർച്ചിനടുത്ത് സ്ഥിരമായി പോകുന്ന കഫെയിൽ കുടുംബസമേതം എത്തിയതാണെന്നും പക്ഷേ വിഷമകരമായ അനുഭവമാണ് അവിടെ നിന്നുണ്ടായതെന്നും കിംബെർലി കുറിപ്പിൽ പറയുന്നു. കഫെ  ബില്ലിൽ ടിക്കറ്റിൽ 'ഫാമിലി വിത്ത് എ ടെറിഫൈയിങ് കിഡ്' എന്നാണ് കഫെ ജീവനക്കാരൻ രേഖപ്പെടുത്തിയിരുന്നത്. സാധാരണ ഈടാക്കുന്നതിലും പണം കൂടുതൽ ഈടാക്കിയതായി സംശയം തോന്നിയതിനെ തുടർന്നാണ് താൻ ബില്ല് ആവശ്യപ്പെട്ടതെന്നും കസ്റ്റമറുടെ പേരിന്റെ സ്ഥാനത്ത് രണ്ട് വയസുള്ള തന്റെ മകളെ ഭയങ്കരിയായി വിശേഷിപ്പിച്ചത് ക്ഷമിക്കാനാവില്ലെന്നും അവർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

മകൾ ഒരു ബഹളവും കഫെയിൽ ഇരുന്ന് ഉണ്ടാക്കിയില്ലെന്നും വളരെ മാന്യമായാണ് പെരുമാറിയതെന്നും അവർ കൂട്ടിച്ചേർത്തു. മോശം പെരുമാറ്റത്തെ തുടർന്ന് ഭക്ഷണം വാങ്ങാതെ താൻ മടങ്ങിയെന്നും സ്ഥിരം കസ്റ്റമറെയാണ് നിങ്ങൾ നഷ്ടപ്പെടുത്തിയതെന്നും കഫെയെ ടാഗ് ചെയ്ത കുറിപ്പിൽ കിംബെർലി തുറന്നടിച്ചു. 

സംഭവം വിവാദമായതോടെ മോശമായി പെരുമാറിയ ജീവനക്കാരനോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടെന്ന് മാനേജർ കിംബെർലിയെ നേരിട്ട് കണ്ട് അറിയിച്ചു. ബുദ്ധിമുട്ടുകൾക്ക് മാപ്പും ചോദിച്ചു. പിന്നീട് പരസ്യമായും കഫെ മാപ്പ് ചോദിച്ചു. തെറ്റിന് പ്രായശ്ചിത്തമെന്ന നിലയിൽ അടുത്ത ഞായറാഴ്ച വരെ മാതാപിതാക്കൾക്കൊപ്പമെത്തുന്ന ചെറിയ കുട്ടികൾക്ക് ചോക്ക്ലേറ്റ് മിൽക്ക് സൗജന്യമായി നൽകുമെന്നും കഫെ വ്യക്തമാക്കി.