ആമസോൺ വനത്തിന്റെ കാവലാള്‍; ആദിവാസി യുവാവിനെ വെടിവച്ചുകൊന്നു

ആമസോണിന്റെ കാവർക്കാരനായ ഒരു യുവാവിനെ കൊന്നുതള്ളി വനം കൊള്ളക്കാർ. ആമസോൺ മഴക്കാടുകൾക്കു കാവൽ നിൽക്കുന്ന ആദിവാസി വിഭാഗത്തിലെ യുവാവിനെയാണ് സംഘം ആക്രമിച്ചത്. ഗുവാജജാറ ഗോത്രവിഭാഗ പോരാളിയായ പൗലോ പൗലിനോ ഗുവാജജാറയാണു (26) തലയ്ക്കു വെടിയേറ്റു കൊല്ലപ്പെട്ടത്.

അരാരിബോയ വനത്തിൽ അതിക്രമിച്ചുകടക്കുന്ന മരംവെട്ടുകാരും വേട്ടക്കാരും ഉൾപ്പെട്ട കൊള്ളസംഘങ്ങളെ ചെറുക്കാൻ ജീവിതം സമർപ്പിച്ച ആദിവാസി പോരാളികളുടെ നേതാവായിരുന്നു. ഗോത്ര നേതാവ് ലേർസിയോ ഗുവാജജാറയ്ക്കും വെടിവയ്പിൽ പരുക്കേറ്റു. ജൈർ ബോൽസെനാരോ ബ്രസീൽ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം കാട്ടുകൊളളക്കാരുടെ ആക്രമണം വർധിച്ചതായാണു കണക്കുകൾ.

ആമസോൺ മഴക്കാടുകളെ സംരക്ഷിക്കുന്നതിൽ അദ്ദേഹത്തിന്റെ അനാസ്ഥ അടുത്തിടെയുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ വിമർശിക്കപ്പെട്ടു. 2012 ൽ രൂപം കൊണ്ട ആമസോൺ ഗോത്രവർഗക്കാരായ കാവൽസംഘത്തിൽ 120 പോരാളികളാണുള്ളത്. കാടിനെയും ഗോത്രവിഭാഗക്കാരെയും സംരക്ഷിക്കുകയാണു ലക്ഷ്യം.