കോഴിക്കോട്ടെ ഭീമൻ വീട്ടി; ഞെട്ടുന്ന വില; ക്യുബിക് മീറ്ററിന് 5.7 ലക്ഷം

വനം വകുപ്പിന്റെ ചാലിയം ഡിപ്പോയുടെ ഇ–ലേലത്തിൽ വീട്ടിത്തടിക്ക് റെക്കോർഡ് വില. കയറ്റുമതി ഇനത്തിൽപെട്ട ഭീമൻ വീട്ടി ക്യുബിക് മീറ്ററിനു 5.7 ലക്ഷം രൂപയ്ക്കു എറണാകുളം ജെം വുഡ് കമ്പനിയാണ് ലേലം പിടിച്ചത്.2.917 ക്യുബിക് മീറ്ററുള്ള സി–1 ക്ലാസ് ഇനം ഒറ്റത്തടിക്ക് നികുതിയടക്കം 20.6 ലക്ഷം രൂപ വില ലഭിച്ചു. വിവിധ ജില്ലകളിൽ നിന്നായി ഒട്ടേറെ തടി വ്യവസായികൾ പങ്കെടുത്ത ഇ–ലേലത്തിൽ ഡിപ്പോയുടെ ചരിത്രത്തിലെ മികച്ച വിലയാണു ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ വർഷം ഇവിടെ നടന്ന ലേലത്തിൽ വീട്ടിത്തടി ക്യുബിക് മീറ്ററിനു 7.1 ലക്ഷം രൂപയ്ക്ക് വിൽപന നടന്നിരുന്നു. സംസ്ഥാനത്തെ വനം ഡിപ്പോകളിൽ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്. ഈ റെക്കോർഡ് നിലനിൽക്കെയാണു വീണ്ടും ഉയർന്ന വില നേടി ചാലിയം ഡിപ്പോ ശ്രദ്ധാകേന്ദ്രമായത്.കഴിഞ്ഞ മാസം നടന്ന ലേലത്തിൽ 2.66 കോടി രൂപയുടെ തടി വിൽപന ചാലിയത്ത് നടന്നിട്ടുണ്ട്. കോഴിക്കോട് വനം ഡിവിഷനു കീഴിലെ ഡിപ്പോകളിൽ ഇത്രയേറെ വിൽപനയും വിലയും ലഭിച്ച മറ്റു കേന്ദ്രങ്ങളില്ല.

കൂടുതൽ വിൽപനയും വിലയും ലഭിക്കുന്നുണ്ടെങ്കിലും ഡിപ്പോയിൽ വേണ്ടത്ര തടി എത്തിക്കാൻ വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. തടി ചില്ലറ വിൽപനയുള്ള ഡിപ്പോയിലേക്ക് ദിവസവും ആവശ്യക്കാർ ഏറെ എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുന്ന സ്ഥിതിയാണ്. വളരെ കുറഞ്ഞ അളവിൽ തടി ശേഖരം മാത്രമേ ഇവിടെയുള്ളൂ.