വഞ്ചിച്ച ഭർത്താവിനോട് വേറിട്ട 'പ്രതികാരം'; വിചിത്രം, കയ്യടി

വിവാഹ ബന്ധം വേർപെടുത്തിയതിന് ഭർത്താവിന് നൽകേണ്ടി വന്ന നഷ്ടപരിഹാരത്തുക നാണയങ്ങളായി നല്‍കി യുവതി. യുഎസ് സ്വദേശിനിയായ  ബ്രാറ്റ്ലി എന്ന യുവതിയാണ് വിചിത്രമായ ഈ പ്രതികാരം ചെയ്തത്. 7500 യുഎസ് ഡോളറാ (ഏകദേശം അഞ്ച് ലക്ഷത്തി മുപ്പതിനായിരത്തോളം ഇന്ത്യൻ രൂപയാ)ണ് യുവതി നഷ്ട പരിഹാരമായി ഭർത്താവിന് നൽകേണ്ടി വന്നത്. നാണയത്തുട്ടുകളടങ്ങിയ 10 പെട്ടിയാണ് ഇവർ കൈമാറിയത്.159 കിലോ ഭാരം അവയ്ക്കുണ്ടായിരുന്നുവെന്നും അത് അയാൾ തന്നെ വഞ്ചിച്ചതിനുള്ള ശിക്ഷയാണെന്നും യുവതി സമൂഹ മാധ്യമത്തിൽ കുറിച്ചു.

ബ്രാറ്റ്‌ലിയുടെ കുറിപ്പിങ്ങനെ 

'' ഞാൻ വിവാഹം കഴിച്ച പുരുഷൻ, അയാളുടെ ഹൃദയവിശാലത കൊണ്ട് ഒരിക്കൽ എന്റെ ജീവിതത്തോട് വലിയൊരു കാര്യം ചെയ്തു. അയാളുടെ ആത്മാർഥ സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം കിടക്ക പങ്കിട്ടു. ആ സ്ത്രീ, അവൾ എന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. പ്രണയത്തോടെ ഞാനെന്റെ പുരുഷന്റെ കണ്ണുകളിൽ നോക്കുന്നതിനും, കൈകൾ പിടിക്കുന്നതിനും സാക്ഷിയായ അവൾ, എന്നെന്നും ഒപ്പമുണ്ടെന്ന് ഞാൻ അയാൾക്ക് വാക്കു നൽകുന്നത് കണ്ടുകൊണ്ടു നിന്ന ആ സ്ത്രീയാണ് എന്റെ ഭർത്താവിനൊപ്പം കിടക്ക പങ്കിട്ടത്. ആ വിശ്വാസ വഞ്ചന കലാശിച്ചത് എന്റെ വിവാഹമോചനത്തിലായിരുന്നു. അതിനും പുറമേ എന്തൊക്കെയോ കാരണങ്ങളാൽ ഞാൻ ഭർത്താവിന് 7500 യുഎസ് ഡോളർ ( 5,30,831 ഇന്ത്യൻ രൂപ) നൽകണമെന്ന കോടതി വിധിച്ചു.കോടതി വിധി പാലിച്ചേ പറ്റൂ. അതുകൊണ്ടു തന്നെ ഞാൻ അയാൾ‌ക്ക് പണം നൽകിയേ മതിയാകുമായിരുന്നുള്ളൂ. എങ്ങനെ നൽകും എന്ന ചിന്തയ്ക്കൊന്നും അവിടെയൊരു പ്രസക്തിയുമില്ല''.

രണ്ടു മക്കളുടെ അമ്മ കൂടിയായ സ്ത്രീ അവിടെയാണ് തന്റെ ബുദ്ധി പ്രയോഗിച്ചത്. ഭർത്താവിന് നഷ്ടപരിഹാരം നൽകാതിരിക്കാൻ യാതൊരു മാർഗവുമില്ല. എങ്ങനെയൊക്കെയോ തുക സംഘടിപ്പിച്ച് അവർ ബാങ്കിലെത്തി. ബാങ്കുദ്യോഗസ്ഥരോട് തന്റെ ജീവിതത്തിൽ അനുഭവിച്ച അപമാനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ അവർ തന്റെ മനസ്സിലെ പദ്ധതിയെപ്പറ്റിയും വെളിപ്പെടുത്തി. അവരുടെ സങ്കടം കേട്ട് മനസ്സലിഞ്ഞ ബാങ്കുദ്യോഗസ്ഥർ അവർക്കാവശ്യമായ സഹായങ്ങൾ നൽകാമെന്നേൽക്കുകയായിരുന്നു.

നിരവധി പേർ യുവതിയുടെ പ്രവർത്തിയെ പ്രശംസിച്ചിട്ടുണ്ട്. നാണയത്തുട്ടുകളുമായി വീട്ടിലേക്ക് പോകുന്ന ഭർത്താവിന്റെ മുഖഭാവം എങ്ങനെയുണ്ടാകുമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.