പൊള്ളിയടർന്ന മുഖവുമായി 6 വർഷം; ഒടുവിൽ ചെൽസിക്ക് പുതിയ മുഖം

2013ൽ ഉണ്ടായ ആ വാഹനാപകടം 68 കാരനായ റോബർട്ട് ചെൽസിയുടെ ജീവിതത്തെ പൂർണ്ണമായി തകർത്തു കളഞ്ഞു. ലോസ് ഏഞ്ചൽസിന് സമീപം അമിതമായി ചൂടായ കാർ തണുക്കാൻ വേണ്ടിയിട്ട്  നിർത്തിയിട്ടിരിക്കുമ്പോഴാണ് അപകടം. മദ്യപിച്ച് വാഹനമോടിച്ച ഡ്രെെവർ റോബർട്ടിന്റെ വാഹനത്തെ ഇടിക്കുകയായിരുന്നു. 

ആ അപകടത്തിൽ റോബർട്ടിന്റെ ശരീരത്തിനും മുഖത്തിനു 60 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.  അദ്ദേഹത്തിന്റെ ചുണ്ടുകളും ഇടത് ചെവിയും മൂക്കിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു. മുഖം വികൃതമായി. പഴയ രൂപം കിട്ടില്ലെന്ന് റോബർട്ട് ഉറപ്പിച്ചു. ആറു വർഷത്തോളമാണ് ഒരു ദാതാവിനായി കാത്തിരുന്നത്. ഇതിനിടയ്ക്ക് 30 ശസ്ത്രക്രയകൾ നടത്തിയെങ്കിലും മേൽചുണ്ടും ഇടതുചെവിയും പഴയതുപോലെയാക്കാൻ സാധിച്ചില്ല. ഇതോടെ ഭക്ഷണം കഴിക്കാൻ പോലുമാകാത്ത അവസ്ഥയായി.

പ്രതീക്ഷകളെല്ലാം അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് ചെൽസിയ്ക്ക് അനുയോജ്യമായ ത്വക്കുള്ള ദാതാവിനെ കിട്ടുന്നത്. ആഫ്രിക്കൻ-അമേരിക്കൻ വംശജനായതിനാലാണ് ചെൽസിയുടെ ത്വകുമായി ചേർച്ചയുള്ള ദാതാവിനെ കിട്ടാൻ താമസിച്ചത്. ഏകദേശം 16 മണിക്കൂർ സമയമെടുത്താണ് ചെൽസിയുടെ മുഖം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

10 ദിവസം കൊണ്ട് മുറവ് കരിയാൻ തുടങ്ങി. ചെൽസിക്ക് തടസമില്ലാതെ ശ്വസിക്കാനും തനിയെ ഭക്ഷണം കഴിക്കാനുമെല്ലാം സാധിച്ചു. ശസ്ത്രക്രിയയുടെ പാടുകളും നീരും മാറിക്കഴിയുമ്പോൾ ചെൽസിക്ക് വൈകൃതമില്ലാത്ത മുഖം തന്നെ ലഭിക്കുമെന്ന ആശ്വാസത്തിലാണ് ഡോക്ടർമാർ. മുഖം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കനാണ് ചെൽസി.