'മരിക്കുംമുൻപ് ഭീരുവിനെപ്പോലെ നിലവിളിച്ചോടി'; ബാഗ്ദാദിക്കൊപ്പം മൂന്ന് മക്കളും കൊല്ലപ്പെട്ടു; ട്രംപ്

ഐഎസ് തലവൻ അബൂബക്കർ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയയിൽ അമേരിക്ക നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ‌്‌ലിബ് മേഖലയിൽ നടന്ന സൈനിക ഓപ്പറേഷനിലാണ് ബാഗ്ദാദഗിയെ വധിച്ചത്. 

ആക്രമണം വൈറ്റ്‌ഹൗസിലിരുന്ന് തത്സമയം നിരീക്ഷിക്കുന്നുണ്ടായിരുന്നു ട്രംപ്. സിനിമ കാണുംപോലെയായിരുന്നു എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. സൈന്യത്തിൽ നിന്ന് രക്ഷപെടാൻ ബാഗ്ദാദി നിലവിളിച്ചുകൊണ്ടോടുകയായിരുന്നു എന്ന് ട്രംപ് പറഞ്ഞു. ''രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു തുരങ്കത്തിനറ്റത്ത് ബാഗ്ദാദി പെട്ടുപോയി. ഭീരുവിനെപ്പോലെ നിലവിളിച്ച ശേഷമാണ് ബാഗ്ദാദി ചാവേറായി പൊട്ടിത്തെറിച്ചത്. ഒപ്പമുണ്ടായിരുന്ന ബാഗ്ദാദിയുടെ മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു''- ട്രംപ് പറഞ്ഞു. 

ആക്രമണത്തിന്റെ ദൃശ്യങ്ങൾ അധികം വൈകാതെ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന ബ്രിഷയിെല ഗ്രാമത്തില്‍ ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചായിരുന്നു സൈനിക കമാന്‍ഡോ  ഓപ്പറേഷന്‍.  എന്നാല്‍ നടപടികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിറിയയിലെ സൈനികരെ പിന്‍വലിക്കാനുളള തീരുമാനത്തില്‍ ഡമോക്രാറ്റിക്, റിപ്പബ്ളിക്കന്‍ പാര്‍ട്ടികളില്‍ നിന്ന് ഒരുപോലെ വിമര്‍ശനം നേരിടുമ്പോഴാണ് പുതിയ നീക്കം. 

ലോകത്തിലെ 'മോസ്റ്റ് വാണ്ടഡ്' ഭീകരനായാണ് ബാഗ്ദാദിയെ വിശേഷിപ്പിച്ചിരുന്നത്. ഐഎസിന്റെ ശക്തി ക്ഷയിച്ച ശേഷം സിറിയൻ അതിർത്തിയിലെ കേന്ദ്രത്തിൽ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് യുഎസ് ആക്രമണം.