ഇന്ന് ലോക ഭക്ഷ്യദിനം; ശീലമാക്കാം ആരോഗ്യകരമായ ഭക്ഷണരീതി

ഇന്ന് ലോക ഭക്ഷ്യദിനം.  വിശപ്പുരഹിത ലോകത്തിനായി ആരോഗ്യകരമായ ഭക്ഷണരീതികള്‍  എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ഇന്‍റര്‍നാഷണല്‍  ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടുപ്രകാരം 119 രാജ്യങ്ങളുടെ പട്ടികയില്‍  പട്ടിണി കിടക്കുന്നവരുടെ എണ്ണത്തില്‍  നൂറ്റിമൂന്നാം സ്ഥാനത്താണ് ഇന്ത്യ

ഭക്ഷണം കഴിച്ച് വയറുനിറഞ്ഞ ശേഷം മിച്ചഭക്ഷണം ചവറ്റുകുട്ടയില്‍ വലിച്ചെറിയും മുന്‍പ്  ഒരു നിമിഷം ഈ ചിത്രങ്ങള്‍ ഓര്‍ക്കണം . ഇവര്‍ക്കുകൂടി അവകാശപ്പെട്ട ഭക്ഷണമാണ് നിങ്ങള്‍ വെറുതെ കളയുന്നത്.  ലോകജനതയുടെ 20 ശതമാനംപേര്‍ ഇപ്പോഴും പട്ടിണിയിലാണെന്ന് കണക്കുകള്‍ പറയുന്നു.  ഭക്ഷണം പാഴാക്കുന്നത് മാത്രമല്ല അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും  മാറ്റേണ്ട സമയമായിരിക്കുന്നു.

ഭക്ഷണശൈലിയും ജീവിതരീതിയുമാണ് ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഭക്ഷ്യദൗര്‍ലഭ്യത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്താണ് ഓരോ ഭക്ഷ്യദിനവും കടന്നുപോകുന്നത് . ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണരീതികള്‍  എല്ലാവര്‍ക്കും  ലഭ്യമാക്കുന്നതും താങ്ങാവുന്നതുമാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഈ വര്‍ഷം ലോക ഭക്ഷ്യദിനം ആവശ്യപ്പെടുന്നു. ഇതോടൊപ്പം നാം എന്താണ് ഭക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായതായും ഭക്ഷ്യദിനം ഓര്‍മപ്പെടുത്തുന്നു.  വിശപ്പ് രഹിത പദ്ധതികള്‍ കടലാസില്‍ വിളമ്പാതെ അത് വയറ്റില്‍ എത്താനുള്ള നടപടി സ്വീകരിക്കാനുള്ള ഇച്ഛാശക്തി കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  ഭക്ഷണം പാഴാക്കില്ലെന്ന്  ഓരോ വ്യക്തിയും പ്രതിജ്ഞയെടുക്കുകയും അത് നടപ്പാക്കുകയും ചെയ്താല്‍ വിശപ്പുരഹിത ലോകമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എളുപ്പമാകും