ലഗേജിന് അധികഭാരം; പണം ചോദിച്ച് വിമാനക്കമ്പനി; യാത്രക്കാരന്റെ തന്ത്രം; വൈറൽ വിഡിയോ

വിമാനത്താവളത്തിൽ ലഗേജ് ഭാരം കൂടുമ്പോഴുണ്ടാകുന്ന പ്രശ്നം അനുഭവിച്ചിട്ടുള്ളവരാകും ഭൂരിഭാഗം പ്രവാസികളും.  ബാഗ് തുറന്ന് അധികഭാരമുള്ള വസ്തുക്കൾ ഉപേക്ഷിക്കുകയോ അധികം പണം നൽകുകയോ ചെയ്യലാണ് പതിവ്. എന്നാൽ ഒരു രൂപ പോലും നൽകാതെ, ബുദ്ധിമുട്ടാതെ എട്ട് കിലോ അധിക ലഗേജ് കൊണ്ടുപോയ വിദേശിയാണ് സോഷ്യൽ മീഡിയയിലെ താരം. 

സ്കോട്‌ലന്റ് സ്വദേശി ജോൺ ഇർവിൻ എന്നയാളാണ് അധിക ലഗേജുമായി ഫ്രാൻസിലെ ഒരു വിമാനത്താവളത്തിലെത്തിയത്. എട്ട് കിലോ അധികഭാരം. അധിക പണം അടക്കാൻ ഈസി ജെറ്റ് എയർലൈൻ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഇർവിൻ ചെയ്തത് മറ്റൊന്ന്. 

ബാഗ് തുറന്ന് വസ്ത്രങ്ങളെല്ലാം പുറത്തെടുത്തു. കണ്ടുനിന്നവർ കാര്യം മനസ്സിലാകാതെ അമ്പരന്നു. ഒന്നിനുമുകളിൽ ഒന്നായി പതിനഞ്ച് ടീഷർട്ടുകളും ഇർവിൻ ധരിച്ചു. ഇതോടെ അധികമുണ്ടായിരുന്നു എട്ട് കിലോയും ഇർവിന്റെ ദേഹത്ത്. അധിക പണം ചോദിച്ച ജീവനക്കാർ അന്തം വിട്ടു. 

ടീഷർട്ടുകൾ ഒന്നിനുമുകളിൽ ഒന്നായി ധരിക്കുന്ന ഇർവിന്റെ വിഡിയോ മകനാണ് പകർത്തിയത്. 30 ഡിഗ്രി ചൂടിനൊപ്പം അധികം ധരിച്ച വസ്ത്രങ്ങളും കൂടിയായപ്പോൾ അച്ഛൻ വിയർത്തുകുളിച്ചെന്ന് മകൻ പറയുന്നു.