വിദേശത്തേക്കു പോകണമെന്ന് 11 വയസ്സുകാരി; ഫോൺ പൂട്ടിവച്ചതിൽ പിണങ്ങി വിമാനത്താവളത്തിൽ

 ‘‘എനിക്കു വിദേശത്തേക്കു പോകണം. എന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക്’’ വിമാനത്താവളത്തിലെത്തി 11 വയസ്സുകാരി ആവശ്യപ്പെട്ടു. പാസ്പോർട്ട് ചോദിച്ചപ്പോൾ ഇല്ലെന്നു മറുപടി. എയർപോർട്ട് പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു.   തുടർന്നുള്ള അന്വേഷണത്തിൽ കുട്ടി പിണങ്ങിയിറങ്ങിയതാണെന്നു മനസ്സിലായി. 

പൊലീസ് പറയുന്നതിങ്ങനെ , അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ മാതാപിതാക്കൾ മൊബൈൽ വാങ്ങി അലമാരയിൽ വച്ചു പൂട്ടി. ഇതിൽ പിണങ്ങി കുട്ടി വീട്ടുകാരോടു പറയാതെ ഇറങ്ങി. വിദേശത്തുള്ള സുഹൃത്തിന്റെ അമ്മയുടെ അടുത്തേക്കു പോവുകയായിരുന്നു ലക്ഷ്യം. വീടിനു സമീപത്തുനിന്ന് സ്വകാര്യ ബസിൽ കയറി വിമാനത്താവളത്തിനു സമീപം അത്താണിയിൽ ഇറങ്ങി. അവിടെനിന്ന് ഓട്ടോ പിടിച്ചു. വിമാനത്താവളത്തിലെത്തി.

പാസ്പോർട്ടില്ലാതെ വിദേശത്തേക്കു പോകാനാവില്ലെന്നു പൊലീസ് പറഞ്ഞെങ്കിലും പോകണമെന്ന ആവശ്യത്തിൽ കുട്ടി ഉറച്ചുനിന്നു.ഒടുവിൽ നെടുമ്പാശേരി സിഐ കുട്ടിയെ അനുനയിപ്പിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഇതിനിടെ, കുട്ടിയെ കാണാനില്ലെന്ന വിവരം ബന്ധുക്കൾ മാള പൊലീസിൽ അറിയിച്ചിരുന്നു. മാളയിൽ നിന്നെത്തിയ പൊലീസിന്റെയും ബന്ധുക്കളുടെയുമൊപ്പം പെൺകുട്ടിയെ തിരികെ വീട്ടിലേക്കയച്ചു.