ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം; ഹാഫിസ് സഈദിനെതിരെ നടപടി

ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്തതിന് ഹാഫിസ് സഈദിനും സഹായികള്‍ക്കുമെതിരെ നടപടികളുമായി പാക്കിസ്ഥാന്‍. ട്രസ്റ്റകള്‍ വഴി ലഷ്ക്കറെ തയ്ബ, ജമാഅത്തുദ്ദഅ്‌വ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ച് 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മുഖം രക്ഷിക്കല്‍ നടപടി മാത്രമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.  

അഞ്ച് ട്രസ്റ്റുകള്‍ വഴി ഐക്യരാഷ്ട്രസഭ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ ലഷ്ക്കറെ തയ്ബ, ജമാഅത്തുദഅ്‌വ, ഫലാഹേ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നി സംഘടനകള്‍ക്ക് ഫണ്ട് നല്‍കിയെന്നാണ് കേസ്. ജമാഅത്തുദ്ദഅ്‌വ തലവനും മുംൈബ ഭീകരാക്രണത്തിന്‍റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സഈദിനും 12 സഹായികള്‍ക്കെതിരെ കേസെടുത്തത്. ഇവരെ ഭീകരവിരുദ്ധ കോടതിയില്‍ വിചാരണ ചെയ്യുമെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു. എന്നാല്‍ മറ്റ് രാജ്യങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പാകിസ്ഥാന്റെ തന്ത്രമാണിതെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. 

ഈ വര്‍ഷം ഒക്ടോബറിനകം ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പക്കിസ്ഥാന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എഫ്.എ.ടി.എഫിന്‍റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഒസാക്കയില്‍ നടന്ന ജി20 ഉച്ചകോടിയും ആഹ്വാനം ചെയ്തു. ഇതോടെയാണ് നടപടിക്ക് പാക്കിസ്ഥാന്‍ നിര്‍ബന്ധിതരായത്. എന്നാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ അധ്യക്ഷതിയില്‍ കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന ദേശീയ സുരക്ഷ സമിതിയുടെ യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് പാക്കിസ്ഥാന്‍റെ അവകാശവാദം.