ജപ്പാന്റെ ട്രെയിൻ സർവീസ് താറുമാറാക്കി ഒച്ച്; വലഞ്ഞത് 12000 യാത്രക്കാർ

ബുള്ളറ്റ് ട്രെയിനിനു പേരുകേട്ട സ്ഥലമാണ് ജപ്പാൻ. എന്നാൽ ജപ്പാന്റെ ട്രെയിൻ സർവീസ്കഴിഞ്ഞമാസം മുടങ്ങിയിരുന്നു. എന്നാൽ ട്രെയിൻ സർവീസുകളെ മുടക്കി പതിനായിരക്കണക്കിനു ആളുകളെ പ്രയാസത്തിലാക്കിയതു ചെറിയൊരു ഒച്ചാണെന്ന് അറിഞ്ഞ ഞെട്ടലിലാണു രാജ്യം. ജപ്പാനിലെ ട്രെയിൻ കമ്പനി ജെആർ കെയ്ഷുവിനാണ് ഒച്ചിന്റെ ആക്രമണമുണ്ടായത്.

മേയ് 30ന് വൈദ്യുതി തകരാർ മൂലം 26 ട്രെയിനുകളാണു റദ്ദാക്കേണ്ടി വന്നത്. തകരാറിന്റെ കാരണം അന്നു കണ്ടുപിടിക്കാനുമായില്ല. ട്രെയിനുകൾ റദ്ദാക്കിയതും വൈകിയതും കാരണം 12,000 യാത്രക്കാർ ബുദ്ധിമുട്ടിലായി. സമീപകാലത്തു ജപ്പാനിലുണ്ടായ വലിയ യാത്രാദുരിതമായിരുന്നു അത്. അപ്രതീക്ഷിത വൈദ്യുതി തകരാറിന്റെ കാരണം തേടി കമ്പനി വലഞ്ഞു. കംപ്യൂട്ടർ പ്രോഗ്രാമിൽ വൈറസ് ബാധിച്ചതോ യന്ത്രത്തകരാറുകളോ ആണെന്നാണു കരുതിയത്. ആ നിലയ്ക്കുള്ള പരിശോധനകളിൽ പ്രശ്നം കണ്ടില്ല.

ആഴ്ചകൾക്കുശേഷമാണു കമ്പനി വില്ലനെ കണ്ടെത്തിയത്, ഒച്ച്. റെയിൽവേ ട്രാക്കിനു സമീപം സ്ഥാപിച്ചിരുന്ന ഇലക്ട്രിക്കൽ പവർ സംവിധാനത്തിലായിരുന്നു തകരാർ. അവിടെ പറ്റിപ്പിടിച്ചിരുന്ന ഒരിനം ഒച്ച് ഷോർട്ട് സർക്യൂട്ടിനു കാരണമായെന്നു പരിശോധനയിൽ വ്യക്തമായി. ഒച്ച് വന്നിരുന്നതിനാൽ വൈദ്യുതി ബന്ധം താറുമാറായി. ഇതെങ്ങനെ സംഭവിച്ചതാണെന്ന് അറിയില്ലെന്നും സംഭവം അപൂർവമാണെന്നും കമ്പനി വക്താവ് വാർത്താ ഏജൻസിയോടു പറഞ്ഞു.