ശ്രീലങ്ക ശാന്തമാകുന്നു; പ്രാർത്ഥനയോടെ വിശ്വാസികൾ

ശ്രീലങ്കയെ നടുക്കി ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണത്തനു ശേഷം കൊളംമ്പോയിലെ സെന്റ് ആന്റണീസ് പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. കനത്ത കാവല്‍ പുനര്‍നിര്‍മാണം നടക്കുന്ന പള്ളിക്ക് ചുറ്റുമുണ്ട്. താല്‍ക്കാലിക അള്‍ത്താരയുണ്ടാക്കിയാണ് പ്രാര്‍ത്ഥനാസൗകര്യം ഒരുക്കിയിരിക്കുന്നത്.

ഈസ്റ്റര്‍ ആരാധനയ്ക്കിടെയുണ്ടായ ബോംബാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ശ്രീലങ്കന്‍ ജനത പതിയെ മുക്തമാവുകയാണ്. 18 ദിവസങ്ങള്‍ക്ക്ശേഷം കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി താല്‍ക്കാലികമായി തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആക്രമണത്തില്‍ തകര്‍ന്ന പള്ളിക്ക് സമീപം താല്‍ക്കാലികമായി ഉണ്ടാക്കിയ അള്‍ത്താരക്കു മുന്നിലാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനക്കായി എത്തിയത്. 

പള്ളിക്ക് പുറത്ത് മെഴുകുതിരികള്‍ കത്തിച്ച് അവര്‍ പ്രാര്‍ത്ഥിച്ചു. പള്ളിയുടെ പുനര്‍നിര്‍മാണം നടക്കുകയാണ്. ഒരുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. സൈന്യത്തിന്റെ കാവല്‍ ശക്തമാണ്.ആക്രമണത്തിന്റെ അന്വേഷണം ത്വരിതഗതിയില്‍ നടക്കുന്നുവെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പറഞ്ഞു. 

തീവ്രവാദ ആക്രമണം ഇനിയും ഉണ്ടാവാനിടയുണ്ട് എന്ന അന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ അവഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭയം മാറി മനസിനെ ശാന്തമാക്കാന്‍ ആളുകള്‍ ഇനിയും കൂടുതലായി പള്ളിയിലേക്ക് എത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആക്രമണത്തിന് ശേഷം നിര്‍ത്തിവെച്ച ഞായറാഴ്ച കുര്‍ബാനയടക്കം വീണ്ടും ആരംഭിക്കാനാണ് തീരുമാനം.