സ്ഫോടനം; സ്റ്റാർ ഹോട്ടലിൽ പ്രവേശിക്കുന്ന ചാവേറിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്

ലോകത്തെ നടുക്കിയ കൊളംബോ സ്ഫോനത്തിനു പിന്നിലെന്ന സംശയിക്കുന്ന ചാവേറിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.  തലസ്ഥാന നഗരമായ കൊളംബോയിലെ പ്രശസ്തമായ ഷാങ്ഗ്രില ഹോട്ടൽ പരിസരത്ത് രണ്ടു പേർ നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ഫോടനം നടന്ന മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഒന്നാണ് ഷാങ്ക്രി ലാ.

എഎൻഐ ന്യൂസ് ഏജൻസിയാണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്. ഹോട്ടലിൽ പ്രവേശിക്കുന്ന ചാവേർ നീല നിറത്തിലുള്ള തൊപ്പിയാണ് ധരിച്ചിരിക്കുന്നത്. പിന്നിൽ ബാഗ് തൂക്കിയിട്ടുണ്ട്. നേരത്തെ സെന്റ് സെബാസ്റ്റ്യൻ ചർച്ചിലെ സിസിടിവികളിലും ചാവേറുകളെന്നു സംശയിക്കുന്നവരുടെ ദൃശ്യം പതിഞ്ഞിരുന്നു

പള്ളിക്കകത്ത് ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നതിനിടെ ഇയാൾ അകത്തേക്ക് നടന്നുവരുന്നത് ദൃശ്യങ്ങളിൽ കാണാം. വശങ്ങളിലൊന്നിലെ വാതിലിലൂടെയാണ് ഇയാൾ അകത്ത് പ്രവേശിച്ചത്. ഇയാളുടെ ചുമലിൽ ഒരു ബാഗും ഉണ്ടായിരുന്നു. പള്ളിക്കുള്ളിൽ കടന്ന ഇയാൾ ആളുകള്‍ക്കിടയിൽ ഇരിക്കുന്നുണ്ട്. അതിനു ശേഷമുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടില്ല.  

സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ മാത്രം 93 പേരാണ് കൊല്ലപ്പെട്ടത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്.