എത്തിയത് കാണ്ടാമൃഗത്തെ വേട്ടയാടാൻ; ആനകൾ ചവിട്ടിക്കൊന്നു; സിംഹം ഭക്ഷണമാക്കി; നടുക്കം

ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിൽ കാണ്ടാമൃഗത്തെ വേട്ടയാടാനെത്തിയവരിൽ ഒരാളെ ആനകൾ ചവിട്ടിക്കൊന്നു. പിന്നീട് ഇയാളുടെ മൃതദേഹം സിംഹങ്ങൾ ആഹാരമാക്കി. അഞ്ചംഗസംഘത്തിലെ ഒരാളെയാണ് മൃഗങ്ങൾ ആഹാരമാക്കിയത്. പാര്‍ക്ക് സന്ദര്‍ശിക്കാൻ വന്നവരാണെന്ന് രക്ഷപ്പെട്ടവർ അധികൃതരോട് പറഞ്ഞിരുന്നു. എന്നാൽ ഇവർ വേട്ടക്കാരാണെന്ന് പിന്നീട് കണ്ടെത്തി.  

വെള്ളിയാഴ്ച രാത്രിയോടെയാണ് അഞ്ചംഗ സംഘം വേട്ടയ്ക്കായി കാട്ടില്‍ എത്തിയത്. എന്നാൽ കാണ്ടാമൃഗത്തെ തേടിയുള്ള യാത്രയിൽ ഇവർ ആനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ മാത്രം ആനക്കൂട്ടത്തിനിടയില്‍ പെട്ടുപോയി. ഇയാളെ അനകൾ ചവിട്ടിക്കൊല്ലുകയായിരുന്നു.പിന്നീട് ആനകൾ പോയശേഷം സംഘം മടങ്ങിയെത്തി മൃതദേഹവുമായി പാർക്കിന് പുറത്തുകടക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ നേരം വെളുത്തതോടെ മൃതദേഹവുമായി പോകുന്നത് പന്തിയല്ലെന്ന് കണ്ടതോടെ സുരക്ഷിതമായ സ്ഥലത്ത് മൃതദേഹം ഒളിപ്പിച്ച ശേഷം സംഘം മടങ്ങി.

പിന്നീട് മരിച്ചയാളുടെ കുടുംബമാണ് അധികൃതരെ വിവരം അറിയിക്കുന്നത്. അവർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തിരച്ചിലിനിടയിലാണ് സിംഹങ്ങള്‍ തിന്നു തീര്‍ത്ത മൃതദേഹാവശിഷ്ടം റെയ്ഞ്ചര്‍മാര്‍ കണ്ടെത്തുന്നത്. സിംഹങ്ങള്‍ പൂര്‍ണമായും ഭക്ഷണമാക്കിയ ആളുടെ തലയോട്ടിയും പാന്‍റിന്‍റെ അവശിഷ്ടങ്ങളും മാത്രമാണ് ശേഷിച്ചിരുന്നത്. സംഘത്തിന്റെ മൊഴിയിൽ സംശയം തോന്നിയ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പക്കല്‍ നിന്ന് രണ്ട് തോക്കുകളും വെടിയുണ്ടകളും അറക്കവാളുകളും  കണ്ടെത്തിയത്. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു.