4 വയസ്സുള്ളപ്പോള്‍ പറഞ്ഞു; 24 വയസ്സായപ്പോള്‍ തെളിയിച്ചു: അമ്മയെ കൊന്നത് അച്ഛന്‍ തന്നെ

ഇരുപത് വർഷം മുൻപ് ആ നാലുവയസുകാരൻ പൊലീസിനോട് പറഞ്ഞു, അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന്. അന്ന് അതാരും വിശ്വസിച്ചില്ല. നാലുവയസുകാരന്റെ തോന്നൽ മാത്രമാണെന്ന് കരുതി തള്ളിക്കളഞ്ഞു. ഇരുപത് വർഷങ്ങൾക്കിപ്പുറം അമ്മയുടെ ഘാതകൻ അച്ഛൻ തന്നെയാണെന്ന് ഈ മകൻ തെളിയിച്ചത് തികച്ചും അവിചാരിതമായിട്ടാണ്.

ഫ്ലോറിഡയിലാണ് വർഷങ്ങൾക്കിപ്പുറം ഒരു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. നാലുവയസുവരെ മാത്രമാണ് ആരോൺ ഫ്രെയ്സർ ജാക്സൺവില്ല എന്ന വീട്ടിൽ താമസിച്ചിട്ടുള്ളത്. ആ ചുരുങ്ങിയ കാലം ആ കുഞ്ഞുമനസിന് നൽകിയത് സുഖമുള്ള ഓർകളായിരുന്നില്ല. അമ്മയുടെ അപ്രതീക്ഷിത തിരോധാനത്തിന് ശേഷം ഫ്രെയ്സണും അച്ഛനും വേറെ താമസം മാറി. 

എന്നാൽ ഇരുപത്തിനാലാമത്തെ വയസിൽ പഴയവീട് ഫെയ്സൻ സ്വന്തമാക്കി. പഴയതിന് പകരം പുതിയത് പണിയാനായി ഫ്രെയ്സണും സഹോദരിയുടെ ഭർത്താവും വീട് പൊളിച്ച് പണിയാൻ തുടങ്ങി. ഇതിന്റെ ഭാഗമായി വീടിനോട് ചേർന്നുള്ള നീന്തൽക്കുളം അവർ ആദ്യം പൊളിക്കാൻ തുടങ്ങി. പുറത്തേക്കുള്ള ഷവറിന്റെ അടിവശം പൊളിക്കുന്നതിന്റെ ഇടയിൽ മണ്ണുമാന്തി ഒരു കോൺക്രീറ്റ് പാളിയിൽ തട്ടി നിന്നു. അത് ഉയർത്തിനോക്കിയപ്പോൾ അടിയിലായി പ്ലാസ്റ്റിക്ക് കവറിൽ എന്തോ പൊതിഞ്ഞുവെച്ചിരിക്കുന്നത് കണ്ടു. തേങ്ങയായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ തേങ്ങ ഇങ്ങനെ സൂക്ഷിക്കേണ്ട കാര്യമില്ലല്ലോയെന്ന് സംശയിച്ച് ഇരുവരും കവർ തുറന്നു. അതിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു തലയോട്ടിയും പല്ലുകളുമാണ് കിട്ടിയത്.

തന്റെ കാണാതായ അമ്മയുടെ അവശിഷ്ടമാണോയെന്ന് ഫ്രെയ്സണിന് സംശയം തോന്നി. ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. ഫ്രെയ്സണിന്റെ സംശയം ശരിവെക്കുന്നതായിരുന്നു അന്വേഷണ റിപ്പോർട്ട്. അമ്മയെ അച്ഛൻ കൊന്ന് തള്ളിയത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. മിഖായേലിന്റെയും ബോണിയുടെയും വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കുഞ്ഞുഫ്രെയ്സണിനൊപ്പം എവിടെയെങ്കിലും പോയി ജീവിക്കാമെന്ന കണക്കുകൂട്ടലിൽ ബോണി സ്വന്തമായി ഒരു അക്കൗണ്ട് തുടങ്ങി. ഇത് മിഖായേൽ അറിഞ്ഞതോടെ പ്രശ്നം രൂക്ഷമായി. തുടർന്നുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അന്ന് മിഖായേലിനെ കുടുക്കാൻ പറ്റുന്ന യാതൊരു തെളിവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല. ഫ്രെയിസണിയുടെ മൊഴി സാധൂകരിക്കാനുമുള്ള തെളിവുകൾ അപര്യാപ്തമായിരുന്നു. അൺടോൾഡ് മിസ്റ്ററി എന്ന പരിപാടിയിലൂടെയാണ് ഈ ക്രൂരകൊലപാതക കഥ പുറംലോകം അറിയുന്നത്.