വാലും പല്ലുകളും ഇല്ലാത്ത ഭീമൻ മത്സ്യം തീരത്തടിഞ്ഞു; സഞ്ചരിച്ചത് 12000 മൈൽ; അമ്പരപ്പ്

കാലിഫോർണിയയിലെ സാന്റാ ബാർബറ കൗണ്ടി ബീച്ചിൽ അടിഞ്ഞ കുറ്റൻ മത്സ്യത്തെ ചൊല്ലിയുളള ദുരൂഹതകൾ അവസാനിക്കുന്നില്ല. വാലും പല്ലുകളും ഇല്ലാത്ത ഭീമൻ മത്സ്യം ഹുഡ വിങ്കർ സൺഫിഷാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇവയെങ്ങനെ അമേരിക്കൻ തീരത്ത് എത്തിയെന്നതിനു കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയാത്തതാണ് ഗവേഷകരെ കുഴയ്ക്കുന്നത്.

ഏഴടിയോളം നീളമുളള ഈ കൂറ്റൻ മത്സ്യം പതിവായി കാണപ്പെടാറുള്ള മേഖലയിൽ നിന്നും 12000 മൈലിൽ അധികം സഞ്ചരിച്ച്കലിഫോർണിയയുടെ തീരത്ത് എത്തിയെന്നത് ശാസ്ത്രലോകത്തെ തന്നെ അമ്പരിപ്പിച്ചു. മരിയാനെ നേയ്ഗാർഡ് എന്ന സമുദ്ര ഗവേഷകയാണ് വർഷങ്ങൾ നീണ്ട പരീക്ഷണത്തിനൊടുവിൽ ഹുഡ്‌വിങ്കർ സൺഫിഷിനെ ആദ്യമായി കണ്ടെത്തിയതും പേര് നൽകിയതും.  

2014 ലാണ് സൺഫിഷിനെ ആദ്യമായി കണ്ടെത്തുന്നത്. 2017 ൽ ഔദ്യോഗികമായി രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ എല്ലുകൾ ഉളളതും ഭാരമേറിയതുമായ ഇത്തരം മത്സ്യങ്ങൾ 2014 വരെ മനുഷ്യരിൽ നിന്ന് മറഞ്ഞു നിന്നു.   ഓസ്ട്രേലിയ,ന്യൂസീലാൻഡ്,സൗത്ത് ആഫ്രിക്ക, ചിലി എന്നവിടങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടാറുള്ളത്. ദക്ഷിണാർധഗോളത്തിൽ കാണപ്പെടുന്ന ഇവ ഭൂമധ്യരേഖയും കടന്ന് ഉത്തരാർധഗോളത്തിലെങ്ങനെയെത്തിയെന്നത് മരിയാനെ നേയ്ഗാർഡിനെയും അമ്പരപ്പിച്ചു.      

  ഇരതേടി കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട്. വലിയ സൺഫിഷുകൾക്ക്  14 അടിവരെ നീളവും  10 അടി വീതിയും 2 ടൺ വരെ ഭാരവും ഉണ്ടാകും. സാധാരണ മീനുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രൂപമാണ് ഇവയുടേത്.വൃത്താകൃതിയിലാണ് ഇവയുടെ ശരീരം.പിന്നിലായി രണ്ട് ചിറകുകൾ പോലെ തോന്നിക്കുന്ന ശരീരഭാഗവുമുണ്ട്.വാലില്ല എന്നതും ഇവയുടെ പ്രത്യേകതയാണ്.

സൺഫിഷ് വിഭാഗത്തിൽപ്പെട്ട 150 മത്സ്യങ്ങളുടെ ഡിഎൻഎ പരിശോധിച്ച മരിയാനെ ഒരു ഡിഎൻഎ മാത്രം വ്യത്യസ്തമായതും നിലവിലെ സൺഫിഷുകളുമായി യോജിക്കാത്തതുമാണെന്ന് കണ്ടെത്തുകയായിരുന്നു .ഇതോടെയാമ് ഹുഡ് വിങ്കർ സൺഫിഷിനെ കണ്ടെത്താനുളള ഗവേഷണം ആരംഭിക്കുന്നതും.