'പത്മശ്രീ പ്രതീക്ഷിച്ചു'; പക്ഷേ ഇത് ഞെട്ടിച്ചു; രാജപ്പന്‍ ചേട്ടനെ വൈറലാക്കിയ നന്ദു പറയുന്നു

കായല്‍ സംരക്ഷകന്‍ കുമരകം രാജപ്പനെ തേടി തായ്‍വാന്റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നത് അന്ന് ആ ചിത്രം എടുത്ത നന്ദു തന്നെയാണ്. ഒരു വര്‍ഷം മുമ്പ് എടുത്ത ചിത്രം വഴി അര്‍ഹമായ അംഗീകാരം തേടിയെത്തിയത് ഇപ്പോഴാണെന്ന് നന്ദു പറയുന്നു. ആ ചിത്രം എടുക്കാനുള്ള സാഹചര്യവും അംഗീകാരം തേടിയെത്തിയ സന്തോഷവും നന്ദു പറയുന്നു.

നന്ദുവിന്റെ വാക്കുകള്‍: 2020 ജൂൺ മാസത്തിലാണ് ഞാൻ ആ കാഴ്ച കാണുന്നത്. കായൽക്കരയിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് കരയിൽ താമസിക്കുന്ന ചിലർ പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും കായലിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്താണ് സംഭവം എന്ന് ആദ്യം വിചാരിച്ചു. പിന്നീടാണ് ഒരാൾ വള്ളം തുഴഞ്ഞു വരുന്നത് കണ്ടത്. പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയെടുക്കുന്നു. ഞാനൊരു ഫോട്ടോഗ്രാഫറാണ്. ഞാൻ ചേട്ടാ എന്ന് അദ്ദേഹത്തെ വിളിച്ചു. തിരഞ്ഞു നോക്കി.ആ കാഴ്ച ഞാൻ ഫ്രെയിമിലാക്കി. ഫോട്ടോ കണ്ടപ്പോൾ നല്ല രസം. ഒരു ഫോട്ടോ കൂടി എടുക്കാനായി അടുത്തേക്ക് ചെന്നപ്പോഴാണ് ആ മനുഷ്യന് കാലുകളില്ല എന്ന് തിരിച്ചറിയുന്നത്. പ്ലാസ്റ്റിക് കുപ്പി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. 

ഒപ്പം മലിനമായ കായലിന്റെ സംരക്ഷണവും ലാഭേച്ഛ കൂടാതെ ചെയ്യുന്നു. ഞാനെടുത്ത ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. മാധ്യമങ്ങളില്‍ വാര്‍ത്തയായി. പക്ഷേ ആ ചിത്രങ്ങള്‍ക്ക് എന്തെങ്കിലും അംഗീകാരം തേടിയെത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ രാജപ്പനെക്കുറിച്ച് പരാമര്‍ശിച്ചത് സന്തോഷമായി. രാജപ്പന്‍ ചേട്ടന് പത്മശ്രീ ലഭിക്കുമെന്ന് കരുതി. പക്ഷേ അതുണ്ടായില്ല. പിന്നീട് ഞാന്‍ എടുത്ത ചിത്രങ്ങളും വിഡിയോയും ഒക്കെ കുറച്ച് വിദേശ ഏജന്‍സികള്‍ക്ക് അയച്ചുകൊടുത്തു. ചില മാധ്യമങ്ങളില്‍ വാര്‍ത്തയായി. തായ്‍വാന്റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണല്‍ അധികൃതര്‍ ആദ്യം എനിക്കാണ് മെസേജ് അയച്ചത്. സത്യം പറയാമല്ലോ ആദ്യം ഫേക്കാണെന്നാണ് കരുതിയത്. രാജപ്പന്‍ ചേട്ടന്റെ അക്കൗണ്ട് നമ്പര്‍ ചോദിച്ചു. ആദ്യം മടിച്ചെങ്കിലും പിന്നീട് അയച്ചുകൊടുത്തു. ഒരാഴ്ചയ്ക്കകം അക്കൗണ്ടിലേക്ക് 7, 30,000 രൂപ എത്തി. അവിശ്വസനീയം എന്നു തന്നെ പറയാം. പിന്നീട് ക്രിസ്റ്റല്‍ ഫലകവും പ്രശംസിച്ചുള്ള കുറിപ്പും കൊറിയറായി എത്തി. ഞാനെടുത്ത ഒരു ചിത്രം വഴി അദ്ദേഹത്തിന് ലോകത്തിന്റെ അംഗീകാരം. പണം മുഴുവന്‍ രാജപ്പന്‍ ചേട്ടന്റെ അക്കൗണ്ടില്‍ തന്നെയുണ്ട്. അത് അദ്ദേഹത്തിന് എങ്ങനെ ചിലവാക്കണമെന്ന് പോലും അറിയില്ല. എന്തായാലും സന്തോഷം മാത്രം– നന്ദു പറയുന്നു.