ഉഗ്രവിഷമുള്ള പാമ്പിനെ ജീവനോടെ അകത്താക്കി തവള; വൈറലായി വിഡിയോ

കൊടുംവിഷമുള്ള പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങുന്ന തവള. ഓസ്ട്രേലിയയിലെ കൊടും വിഷപ്പാമ്പുകളിലൊന്നായ കോസ്റ്റൽ തായ്‌പാനെ വിഴുങ്ങുന്ന പച്ചത്തവളയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ക്വീൻസ്‌ലൻഡിലെ ടൗൺസ്‌വില്ലെയിലാണ് സംഭവം നടന്നത്. ഇവിടെയൊരു വീട്ടിൽ തായ്പാൻ വിഭാഗത്തിലുള്ള പാമ്പിനെ കണ്ടെന്ന വിവരം അനുസരിച്ചാണ് പാമ്പു പിടിത്ത വിദഗ്ധനായ ജാമി ചാപൽ സംഭവസ്ഥലത്തേക്ക് തിരിച്ചത്. എന്നാൽ പാതി വഴിയെത്തിയപ്പോഴേക്കും വീണ്ടും ഫോൺ സന്ദശമെത്തി. വീടിനു സമീപം കണ്ടെത്തിയ വിഷപ്പാമ്പിനെ തവള വിഴുങ്ങുന്നുവെന്ന്. 

ജാമി ചാപൽ അവിടെയെത്തിയപ്പോഴേക്കും 20–25 സെന്റീമീറ്റർ നീളമുള്ള കോസ്റ്റൽ തായ്പാൻ പാമ്പിന്റെ തല മാത്രമാണ് പുറത്തേക്ക് കാണാൻ കഴിഞ്ഞത്. ബാക്കി ഭാഗമെല്ലാം തവളയുടെ ഉള്ളിലായിരുന്നു. അപ്പോഴും പാമ്പിന് ജീവനുണ്ടായിരുന്നു. പാമ്പിനെ രക്ഷിക്കാമെന്നു കരുതിയാണ് ചാപൽ വേഗം സംഭവസ്ഥലത്തേക്കെത്തിയത്. തവളയുടെ ശരീരത്തില്‌‍ പാമ്പ് കടിച്ചതിന്റെ പാടുകളും ചാപൽ കണ്ടെത്തി. 

തവള ഉടൻ ചാകുമെന്നും ജീവനോടെ അകത്താക്കിയ വിഷപ്പാമ്പിനെ തവള ഛർദ്ദിക്കുമെന്നുമുള്ള കണക്കൂട്ടലിൽ ചാപൽ കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.ചാപൽ തവളയുമായി തിരികെ വീട്ടിലേക്ക് പോന്നു. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം തവളയ്ക്ക് അല്പം നിറവ്യത്യാസമുണ്ടായതല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് ചാപൽ വ്യക്തമാക്കി.

പാമ്പിന്റെ വിഷം എങ്ങനെയാണ് തവളയുടെ ശരീരത്തിൽ പ്രവർത്തിക്കുന്നതെന്നറിയാൻ കാത്തിരിക്കുകയാണ് ചാപൽ. തവളയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും നിലവിലില്ല.തവളകൾ ചെറിയ പാമ്പുകളെയൊക്കെ ഭക്ഷണമാക്കാറുണ്ടെങ്കിലും വിഷപ്പാമ്പിനെ ജീവനോടെ വിഴുങ്ങുന്നത് അത്യപൂർവമാണെന്നും ചാപൽ പറയുന്നു.