മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം കലാപമായി; നിരവധിപേര്‍ക്ക് പരുക്ക്

ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം കലാപമായി മാറി. പാരിസില്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലേക്ക് മാര്‍ച്ച് നടത്തിയവര്‍ പൊലീസുമായി ഏറ്റുമുട്ടി. നിരവധിപേര്‍ക്ക് പരുക്കേറ്റു. അംഗബലം കുറഞ്ഞെങ്കിലും മൂന്ന് മാസത്തിലേറെയായി മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുകയാണ്.

പാരിസിലെ ചാംപ്സ് എലിസീസില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനമാണ് കലാപമായി മാറിയത്. സമാധാനപരമായി നീങ്ങയ പ്രതിഷേധമാര്‍ച്ചിനു പിന്നില്‍ മുഖംമൂടിയണിഞ്ഞ് നടന്നവര്‍ പൊലീസ് ബാരിയറുകള്‍ മുറിച്ച് കടക്കാന്‍ ശ്രമിച്ചു. ഇവരെ തുരത്തിയോടിക്കാന്‍ സുരക്ഷാ സേന ഗ്രനേഡ് പ്രയോഗിച്ചു. തുടര്‍ന്നാണ് രംഗം വഷളായത്. പൊലീസുമായി നടന്ന ഏറ്റമുട്ടലില്‍ ഒരാളുടെ കൈ അറ്റുപോയി. ഇതോടെ പ്രകോപിതരായ പ്രതിഷേധക്കാര്‍ തെരുവില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. 

മുപ്പത്തി ആറുപേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് പൊലീസ് അറിയിച്ചു. നവംബറില്‍  തുടങ്ങിയ പ്രതിഷേധത്തില്‍ ജനപങ്കാളിത്തം കുറഞ്ഞെങ്കിലും അക്രമങ്ങള്‍ അവസാനിട്ടില്ല. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ ജനവിരുധ നയങ്ങള്‍ പൂര്‍ണമായും മാറ്റാതെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കില്ലെന്നാണ് ഇവരുടെ നിലപാട്.