ഇന്ധനവില; ജനരോഷം തണുപ്പിക്കാൻ ഫ്രാന്‍സ്; സഹായധനം

ഇന്ധനവില വര്‍ധന രൂക്ഷമായതോടെ പൗരന്‍മാര്‍ക്ക് സഹായധനം പ്രഖ്യാപിച്ച് ഫ്രാന്‍സ്. 2000 യൂറോയോ അതില്‍ കുറവോ മാസവരുമാനമുള്ളവര്‍ക്ക് 100 യൂറോ വീതം നല്‍കുന്നതാണ് പദ്ധതി. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് നീക്കം.

ഫ്രാന്‍സില്‍ പെട്രോളിന് വില 1.62 യൂറോയാണ്. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിയാല്‍ ഏകദേശം 141 രൂപ. ഡീസലിന് 1.56 യൂറോ അഥവാ 136 രൂപ. ഒരുവര്‍ഷത്തിനിടെ ഇന്ധനനികുതി 60 ശതമാനം വര്‍ധിച്ചു.  പാവപ്പെട്ടവരുടെ നടുവൊടിയുന്ന സാഹചര്യം വന്നതോടെയാണ് ഫഞ്ച് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. മാസം 2000 യൂറോയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 100 യൂറോയാണ് ഒറ്റത്തവണ സഹായം. ഇന്ത്യന്‍ കറന്‍സിയുമായി താരതമ്യം ചെയ്താല്‍ എണ്ണായിരം രൂപയിലധികം വരും. കുടുംബത്തിന്റെ ആകെ വരുമാനമല്ല, വ്യക്തികളുടെ വരുമാനമാണ് സഹായത്തിന് പരിഗണിക്കുക. വാഹനമില്ലാത്തവര്‍ക്കും സഹായം ലഭിക്കും. സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ഡിസംബറിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അടുത്തവര്‍ഷം ജനുവരിയിലും പണം നല്‍കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് പറഞ്ഞു. സര്‍ക്കാരിന് 3.8 ബില്ല്യന്‍ യൂറോയാണ് ഇതിനായി ചെലവുവരുന്നത്.അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം അപര്യാപ്തമാണെന്ന അഭിപ്രായവും ശക്തമാണ്.   

ഇന്ധനവില റെക്കോര്‍ഡുകള്‍ ഭേദിച്ചതോടെ കഴിഞ്ഞവര്‍ഷം തെരുവില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടും പെട്രോള്‍, ഡീസല്‍ പമ്പുകള്‍ ഉപരോധിച്ചും ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ആറുമസത്തിനകം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനരോഷം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.