ഇന്ധനവില കുറച്ചു; പെട്രോളിന് കുറച്ചത് 9 രൂപ 50 പൈസ; എൽപിജിക്ക് സബ്സിഡി

ഇന്ധന വിലയും പാചകവാതക വിലയും കുറച്ച് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രാലയം എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് ലീറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് ലീറ്ററിന് 7 രൂപ 35 പൈസയും കുറവു വരും. എല്‍പിജി സിലിണ്ടറിന് 200 രൂപ സബ്ഡിയും പ്രഖ്യാപിച്ചു. ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. സ്റ്റീല്‍, ഇരുമ്പ്, സിമന്‍റ്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില കുറയ്ക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. കേന്ദ്രനടപടി സ്വാഗതാര്‍ഹമാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു.

വിലക്കയറ്റം ജനങ്ങളുടെ നടുവൊടിക്കും വിധം ഉയരുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. പെട്രോളിന്‍റെ എക്സൈസ് തീരുവ ലീറ്ററിന് 8 രൂപ കുറച്ചു. ഡീസലിന് ലീറ്ററിന് 6 രൂപയും കുറച്ചു. പെട്രോളിന് ലീറ്ററിന് ഒന്‍പതര രൂപയുടെയും ഡീസലിന് ലീറ്ററിന് 7 രൂപയുടെയും കുറവുണ്ടാകും. കേന്ദ്ര നികുതി കുറയ്ക്കുന്നതിന് ആനുപാതികമായി സംസ്ഥാനങ്ങളിലെ വിലയും കുറയും. വര്‍ഷത്തില്‍ ഒരു ലക്ഷം കോടിരൂപയുടെ വരുമാന പ്രതിസന്ധി  സര്‍ക്കാരിനുണ്ടാകും. സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് 2021 നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചപ്പോള്‍ നികുതി കുറയ്ക്കാതിരുന്ന സംസ്ഥാനങ്ങള്‍ ഇത്തവണ നികുതി കുറയ്ക്കണമെന്ന് നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി നല്‍കും. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയുടെ ഭാഗമായ 9 കോടി പേര്‍ക്ക് ഗുണം ലഭിക്കും. ഇതിലൂടെ വര്‍ഷത്തില്‍ 6,100 കോടി രൂപയുടെ വരുമാന പ്രതിസന്ധിയും സര്‍ക്കാരിനുണ്ടാകും. 

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ അസംസ്കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവ കുറയ്ക്കും. നിര്‍മാണമേഖലയ്ക്ക് ആശ്വാസമാകാന്‍ സീറ്റില്‍, സിമന്‍റ്, ഇരുമ്പിന്‍റെയും വില കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കും. ലഭ്യത കൂട്ടി സിമന്‍റിന്‍റെ വില കുറയ്ക്കും. സ്റ്റീലിന്‍റെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ചില സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതിക്ക് തീരുവ ചുമത്തും. വളത്തിന് ബജറ്റില്‍ 1.05 ലക്ഷം കോടി രൂപയാണ് സബ്സിഡി പ്രഖ്യാപിച്ചത്. ഇതിന് പുറമേ 1.10 ലക്ഷം കോടി രൂപ നല്‍കുന്നുണ്ടെന്നും ധനമന്ത്രി അറിയിച്ചു. ജനങ്ങളാണ് ആദ്യ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇന്ധന നികുതി കുറച്ചത് ജനങ്ങള്‍ക്ക് ആശ്വാസമാകും. വിവിധ മേഖലകള്‍ക്ക് ഗുണകരമാകും. ഗ്യാസ് സബ്സിഡി കുടുംബ ബജറ്റ് എളുപ്പമുള്ളതാക്കുമെന്നും മോദി ട്വീറ്റ് ചെയത്ു.