കോവിഡ് രസംകൊല്ലിയായി; കാണികളില്ലാതെ ഡോഗ് സ്ലെഡ് മൽസരം

ലോകത്തോട് കോവിഡ് കാണിച്ച ക്രൂരതകളില്‍ ഒന്നാണ് പല മികവാര്‍ന്ന കാഴ്ചകളും ആഘോഷങ്ങളും ആസ്വദിക്കാനുള്ള അവസരം പൊതുജനത്തിന്  ഇല്ലാതാക്കി എന്നത്. വര്‍ഷാവര്‍ഷം ഫ്രാന്‍സില്‍ കാണികളുടെ നിറഞ്ഞ ആവേശത്തില്‍ നടത്തിവന്നിരുന്ന ഡോഗ് സ്ലെഡ് മത്സരം ഇത്തവണ കാഴ്ചക്കാരില്ലാതെയാണ് സംഘടിപ്പിച്ചത്. 

അവസാനവട്ട തയ്യാറെടുപ്പും കഴിഞ്ഞ് ഫിനിങ് ലൈന്‍ ലക്ഷ്യമാക്കിപ്പായാനുള്ള ഒരുക്കമാണിത്. 400 കിമി ദൂരം പല ഘട്ടങ്ങളായി ഒാടി അവസാന ലാപില്‍ എത്തിയിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. 500 നായ്ക്കളും ഇവരുടെ 55 യജമാനന്‍മാരുമാണ് അവസാനലാപില്‍ ഉള്ളത്. ഇക്കഴിഞ്ഞ 9നാണ് 17ാം പതിപ്പിന്റെ കിക്ക് ഒാഫ് നടന്നത്. നായ്ക്കള്‍ വലിക്കുന്ന സ്ലെഡ് എന്ന വണ്ടി ഏറ്റവും വേഗത്തില്‍ ഒാടിച്ച് ഫിനിഷിങ് ലൈന്‍ കടക്കുന്നവരാണ് വിജയികള്‍. സ്ലെഡ് നിയന്ത്രിക്കുന്നവരം മഷര്‍ എന്നാണ് വിളിക്കുക. ഇത്തവണത്തെ മത്സരത്തില്‍ ഫ്രഞ്ചുകാരനായ റെമി കോസ്റ്റെയും അദ്ദേഹത്തിന്റെ നായ്ടീമുമാണ് വിജയികളായത്. 

2016ലും 18ലും 19ലും ഇതേ ടീമാണ് കപ്പടിച്ചത്. നേടിയ കപ്പിന്റെ പേര് പറയണമെങ്കില്‍ ഇത്തിരി പാടുപെടണം. ലാ ഗ്രാൻഡേ ഒഡീസി സവോയ് മോണ്ട് ബ്ലാങ്ക് ഓപൺ (LA Grande Odyssee Sovoie Mont Blanc Open) എന്നാണ് അടിച്ച കപ്പിന്റെ പേര്. ജര്‍മന്‍ സ്വദേശി സിൽവിസ് ഉൽറിച്ച്, ഫ്രഞ്ചുകാരനായ  ഴാൻ കൊമ്പാസാർഡ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. കാഴ്ചക്കാര്‍ ശ്വാസമടക്കിപ്പിടിച്ച് വിക്ഷിച്ചിരുന്ന ഈ സ്ലെഡ് റേസാണ് ഇത്തവണ ശൂന്യമായ വീഥികള്‍ സാക്ഷിയാക്കി നടത്തേണ്ടി വന്നത്.