മൃതദേഹത്തിനു വിലയിടുന്നുവോ? സലയുടെ മുൻ ക്ലബിനെതിരെ ആരാധക രോഷം

അത്രയധികം ലോകത്തെ കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു എമിലിയാനൊ സല എന്ന പ്രതിഭാധനനയായ ഫുട്ബോളറുടെ വിയോഗം. ഇംഗ്ലീഷ് ചാനലിൽ നിന്ന് കണ്ടെത്തിയ വിമാനത്തിന്റെ അവിശിഷ്ടത്തിനൊപ്പം കണ്ടെത്തിയത് സലയുടെ മൃതദേഹമാണെന്ന വാർത്ത അത്രയധികം കാൽപന്തിനെ സ്നേഹിക്കുന്നവരെ ഉലച്ചു കളഞ്ഞു. അത്രയധികം പ്രതിഭയുളള താരമായിരുന്നു സല. ലോകഫുട്ബോളിനെ തന്നെ നിയന്ത്രിക്കുന്ന വൻ താരമാകും സലയെന്നു തന്നെ സലയുടെ സുഹൃത്തുക്കളും കായികലോകവും വിശ്വസിച്ചിരുന്നു. 

റെക്കോഡ് തുകയായ 138 കോടി രൂപയ്ക്ക് സലയെ കാർഡിഫ് തട്ടകത്തിലെത്തിച്ചതോടെ ആ പ്രതീക്ഷകൾ വാനോളം ഉയരുകയും ചെയ്തു. എന്നാൽ സലയുടെ മരണത്തിലും ബിസിനസ് താത്പര്യങ്ങൾ‌ ഒളിപ്പിച്ച മുൻ ക്ലബ് നാന്റെസിനെതിരെ ആരാധക രോഷം ഉയരുകയാണ്. കാർഡിഫ് സിറ്റിയും നാന്റെസുമായുളള കരാർ പ്രകാരം മൂന്ന് വർഷത്തിനുളളിലാണ് ക്ലബുമായി പറഞ്ഞുറപ്പിച്ച ട്രാൻസ്ഫർ തുക അടച്ചു തീർക്കേണ്ടത്. സലയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിനു ശേഷം മാത്രമേ പണം നൽകുവെന്ന നിലപാടായിരുന്നു കാർഡിഫിന്. സലയെ കാണാതായതോടെ ട്രാൻസ്ഫർ തുക നഷ്ടമാകുമോ എന്ന പേടിയിലായിരുന്നു നാന്റെസ്. 

ആദ്യ തവണയായി നൽകാനുളള 48 കോടിയാണ് നാന്റെസ് കാർഡിഫിനോട് ആവശ്യപ്പെട്ടത്. ഫ്രഞ്ച് മാധ്യമമായ എക്യൂപെയ്ക്ക് നൽകിയ അഭിമുഖത്തിൽ കാർഡിഫ് ചെയർമാൻ തന്നെയാണ് ഈ കാര്യം തുറന്നു പറഞ്ഞത്. നിയമനുസരിച്ച് പണം നൽകാൻ കാർഡിഫിന് ബാധ്യതയുണ്ടെങ്കിലും മൃതദേഹത്തിന് വിലയിടുന്ന പരിപാടിയാണ് സലയുടെ മുൻ ക്ലബ് കാണിച്ചതെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. 

ഡോര്‍സെറ്റ് പൊലീസാണ് കഴിഞ്ഞ ദിവസം കാര്‍ഡിഫ് താരത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി അറിയിച്ചത്. വിമാനം കാണാതായതോടെ നടത്തിയ ആദ്യ തിരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഫുട്‌ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ചാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിമാനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം സലയുടേതാണെന്ന് ഡൊറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചത്.

ഫെബ്രുവരി 7 ന് പുറത്തെത്തിച്ച ബോഡിയുടെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി. മൃതദേഹം സലയുടേതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. ബ്രിട്ടീഷ് വംശജനായ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണായിരുന്നു സലയ്ക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നത്.