പുതുവർഷത്തിലേക്കുണർന്ന് ലോകം; ആഘോഷങ്ങളുടെ രാവ്

2018 ന് വിടപറ‍ഞ്ഞ് ലോകം ആവേശത്തോടെ 2019 നെ വരവേറ്റു. ലോകമെമ്പാടും വര്‍ണപകിട്ടാര്‍ന്ന ആഘോഷങ്ങള്‍ക്ക് വേദിയൊരുങ്ങി. ആട്ടവും പാട്ടും കരിമരുന്ന് പ്രകടനങ്ങളുമായി ലോകജനത പുതുവല്‍സരരാവ് അവിസ്മരണീയമാക്കി

ഇന്ത്യന്‍ സമയം വൈകീട്ട് നാലരയോടെ ന്യൂസിലാന്റിലേക്ക് 2019 അതിഥിയായെത്തി. ന്യൂസിലാന്റുകാര്‍ മോശമാക്കിയില്ല പ്രൗഡഗംഭീരമായിതന്നെ നാട്ടുകാര്‍ പുതുവര്‍ഷത്തെ ദ്വീപിലേക്ക് വരവേറ്റു. പിന്നാലെ ഓസ്ട്രേലിയയും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. ആകാശത്തിന് പുതുവര്‍ണം പകര്‍ന്ന വര്‍ണശബളമായ കരിമരുന്ന് പ്രയോഗത്തോടെ സിഡ്നിയില്‍ 2019 പിറന്നു. കടലിന് മുകളില്‍ ആകാശം വിവിധ വര്‍ണങ്ങളില്‍ പ്രകാശിച്ചു.

തായ്്ലൻഡിൽ ഇന്ത്യൻ സമയം രാത്രി ഒൻപതരയോടെയായിരുന്നു പുതുവർഷമെത്തിയത്. അവിടെയും കരിമരുന്നു പ്രയോഗത്തിന്റെ വർണവിസ്മയങ്ങള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടി. നോര്‍ത്ത് കൊറിയയിലെ പുതുവല്‍സരാഘോഷങ്ങളിലേക്കും ലക്ഷങ്ങള്‍ കടന്നുവന്നു. പാട്ടും നൃത്തവും വെടിക്കെട്ടുകളുമായി 2019 ലെ ആദ്യ രാവ് കൊറിയക്കാര്‍ അവിസ്മരണീയമാക്കി

ചൈനയിലെയും, ഹോങ്കോങ്ങിലെയും   ആഘോഷള്‍ക്കും കരിമരുന്ന് പ്രയോഗങ്ങളുടെ അകമ്പടിയുണ്ടായിരുന്നു. ആഘോഷരാവില്‍ ജനങ്ങള്‍ എല്ലാം മറന്ന് തുള്ളിച്ചാടി. പാട്ടും നൃത്തവുമായി ലോകം 2018 ന് വിടപറഞ്ഞ്. പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി 2019 എന്ന വിരുന്നുകാരനെ എല്ലാവരും ഏകമനസോടെ സ്വീകരിച്ചു.