പത്താംക്ലാസ് പാസാകാത്തവർ പൈലറ്റായി വിലസുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട്

പത്താംക്ലാസ് പോലും പാസാകാത്തവർ പാകിസ്താനിൽ പൈലറ്റുമാരായി വിലസുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. സിവിൽ ഏവിയേഷൻ (സിഎഎ) അതോറിറ്റിയാണ് സുപ്രീംകോടതി ബെഞ്ചിനുമുന്നിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഏവിയേഷൻ മേഖലയാകെ അമ്പരന്നിരിക്കുകയാണ്.

നിലവിൽ പൈലറ്റുമാരായ ഏഴു പേരുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അഞ്ചുപേർ പത്താംക്ലാസ് പോലും വിജയിച്ചിട്ടില്ലെന്നും കോടതിയിൽ ഹാജരാക്കിയ രേഖകളിൽ പറയുന്നുണ്ട്. കൃത്യമായ രേഖകള്‍ ഹാജരാക്കാതിരുന്ന 50 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും പിഐഎ കോടതിയെ അറിയിച്ചു.

ഈ പൈലറ്റുമാരുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ബസ് ഓടിക്കാൻപോലും കഴിയില്ല. എന്നാൽ ഇവർ വിമാനം പറത്തി യാത്രികരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ബെഞ്ചിലെ ജസ്റ്റിസ് ഇജാസുൽ അഹ്സൻ നിരീക്ഷിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിഐഎയിലെ പൈലറ്റുമാരുടെയും മറ്റ് ജീവനക്കാരുടേയും യോഗ്യതകൾ ഉറപ്പുവരുത്താനും കോടതി ഉത്തരവിട്ടു.