സുനാമി; ഇന്തോനേഷ്യയിൽ മരണം 429; രക്ഷാപ്രവർത്തനം തുടരുന്നു

ഇന്തൊനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളില്ലാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. സുനാമി ബാധിത പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേനയും പട്ടാളവും ഉള്‍പ്പടെയുള്ള വന്‍ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇന്തൊനേഷ്യയിലെ സൂണ്‍ഡെ കടലിടുക്കിലെ ‘അനക് ക്രാകോട്ടേവി അഗ്നിപര്‍വതത്തിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ഇന്തൊനേഷ്യന്‍ തീരങ്ങളിലേക്ക് സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. ദുരന്തത്തില്‍ ഇതുവരെ 429 പേര്‍ മരിച്ചതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന രാജ്യത്തെ ദുരന്തനിവാരണസേന അറിയിച്ചു. 1500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 154 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും പതിനാറായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും സേന അറിയിച്ചു. 

കടലിലുണ്ടാകുന്ന സ്ഫോടനങ്ങള്‍  മുന്‍കൂട്ടി അറിയാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റി വക്താവ് അഭിപ്രായപ്പെട്ടു. ഇന്തൊനേഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജാവ,സുമാത്ര ദ്വീപുകളിലാണ് സുനാമി കൂടുതല്‍ നാശം വിതച്ചത്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. അതിനാല്‍ മരണസഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.