വിജയിയായില്ല; വിശ്വസുന്ദരിമത്സരവേദിയിൽ ഇവൾ താരം; ചരിത്രം

ഞായറാഴ്ച നടന്ന വിശ്വ സുന്ദരി മത്സരത്തില്‍ ഈ സുന്ദരിയെയും ലോകം ശ്രദ്ധിച്ചിരിക്കും. വിജയി ആയില്ലെങ്കിലും ചരിത്രത്തിലേക്കാണ് അവൾ നടന്നുകയറിയത്. സ്പെയിനിനെ പ്രതിനിധീകരിച്ച സൗന്ദര്യവേദിയിലെത്തിയ ആഞ്ചല പോണ്‍സയാണ് ഈ താരം. അഴകളവുകളോ സൗന്ദര്യമോ മാത്രമല്ല, അവൾ ശ്രദ്ധാകേന്ദ്രമായതിനു പിന്നിൽ മറ്റൊരു കാരണമുണ്ട്. വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുത്ത ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ് 27 കാരി ആഞ്ചല. 

''ഇത് നിങ്ങള്‍ക്കുള്ളതാണ്, ആരുടെയും ശ്രദ്ധയിൽ പെടാത്തവർക്കായി, ശബ്ദമില്ലാത്തവർക്കായി, നമ്മളെ ബഹുമാനിക്കുകയും സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്ന ഒരു ലോകം നാമർഹിക്കുന്നുണ്ട്. ഇന്ന് ഞാൻ ഇവിടെ എത്തിനിൽക്കുന്നു, അഭിമാനപൂർവം എന്‍റെ രാജ്യത്തെയും സ്ത്രീകളെയും മനുഷ്യാവകാശത്തെയും പ്രതിനിധാനം ചെയ്തുകൊണ്ട്'', ആഞ്ചല ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. 

ഫ്ലാമെങോ എന്ന നൃത്തരൂപവും ആഞ്ചല വേദിയിൽ അവതരിപ്പിച്ചു. ഫ്ലാമെങ്കോ വസ്ത്രം ധരിച്ച് പെര്‍ഫോം ചെയ്യുക എന്നത് തന്‍റെ സ്വപ്നമായിരുന്നെന്ന് അവള്‍ പറയുന്നു. ഒരുപാട് കാലമായി താനിതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നുവെന്നും ഒടുവിൽ യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ടെന്നും ആഞ്ചല സംഘാടകരോട് പറഞ്ഞു. 'എ വാക്ക് ടു റിമംബര്‍. എ ഹിസ്റ്റോറിക് നൈറ്റ് ഫോര്‍ മിസ് യൂണിവേഴ്സ്' എന്നാണ് പോൺസെ വേദിയിലേക്കെത്തുന്ന വിഡിയോക്കൊപ്പം മിസ് യൂണിവേഴ്സ് മത്സരത്തിന്‍റെ സംഘാടകർ കുറിച്ചത്. 

എപ്പോൾ എന്ത് ചെയ്യാനാണോ നിങ്ങൾക്ക് ആഗ്രഹം അപ്പോൾ അത് ചെയ്യലാണ് തന്നെ സംബന്ധിച്ചിടത്തോളം ഫെമിനിസമെന്നും ഈ സുന്ദരി പറയുന്നു.