‘എനിക്കറിയാം എങ്ങനെ മുറിക്കണമെന്ന്’; ഖഷോഗി ഘാതകരുടെ സംഭാഷണം പുറത്ത്

 ‘എനിക്കറിയാം എങ്ങനെ മുറിക്കണമെന്ന്’– തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വധിക്കപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ഘാതകരിൽ ഒരാൾ ഇങ്ങനെ പറയുന്നത് ഓഡിയോയിൽ വ്യക്തമായി കേൾക്കാമെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ.‘ഇങ്ങനെ പറയുന്ന ആൾ സൈനികനാണ്. ഈ ഓഡിയോ ഞങ്ങൾ യുഎസ്, ജർമനി, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ അധിക‍ൃതരെ കേൾപ്പിച്ചു’– ഇസ്തംബുളിൽ പ്രസംഗിക്കവേ എർദോഗൻ പറഞ്ഞു. എന്നാൽ ശബ്ദരേഖയുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തിയില്ല.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനായിരുന്ന ഖഷോഗിയെ ഒക്ടോബർ 2നു സൗദി കോൺസുലേറ്റിൽ വധിച്ചശേഷം ശരീരം കീറിമുറിച്ചു മറവു ചെയ്യുകയായിരുന്നുവെന്നാണു കരുതുന്നത്. ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ല. ‘എനിക്കു ശ്വാസം കിട്ടുന്നില്ല’– മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ അവസാനവാക്കുകൾ ഇതായിരുന്നുവെന്ന് സിഎ‍ൻഎൻ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. 

കൊലപാതകികളോടാണ് ഖഷോഗി 3 തവണ ഇങ്ങനെ പറഞ്ഞത്. സംഭവം നടക്കുമ്പോളെടുത്ത ഓഡിയോ റെക്കോർഡിങ്ങിന്റെ രേഖ കണ്ട ആളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സിഎൻഎൻ വ്യക്തമാക്കി. കൊലപാതക വിവരങ്ങൾ അപ്പപ്പോൾ അറിയിക്കാൻ ഫോൺ വിളികളും ഉണ്ടായി. ഇതെല്ലാം തെളിയിക്കുന്നത് വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ്. ഫോൺ വിളികൾ റിയാദിലെ ഉന്നതോദ്യോഗസ്ഥർക്കായിരുന്നുവെന്നു കരുതുന്നു.

എല്ലു മുറിക്കുന്ന ഉപകരണം കൊണ്ടാണ് ശരീരം കീറിമുറിച്ചതെന്നും കൊലപാതകികളിലൊരാളെ ഖഷോഗി തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. സൗദിയിലെ മുതിർന്ന ഇന്റലിജൻസ് ഓഫിസർ ജനറൽ മഹർ മുത്രബ് എന്നയാൾ ‘നിങ്ങൾ (സൗദിയിലേക്ക്) തിരിച്ചുപോരുകയാണ്’ എന്നു പറയുന്നതും ‘അതു നടക്കില്ല, പുറത്തു ആളുകൾ കാത്തിരിപ്പുണ്ട്’ എന്ന് ഖഷോഗി പറയുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. മുത്രബ് ആണ് അപ്പപ്പോൾ വിവരങ്ങൾ ഫോണിൽ കൈമാറിയത്. ഖഷോഗിയുടെ തുർക്കിക്കാരിയായ കാമുകി ഹാറ്റിസ് സെൻഗിസ് അപ്പോൾ കോൺസുലേറ്റിനു മുന്നിൽ കാത്തിരിപ്പുണ്ടായിരുന്നു. ഖഷോഗിക്കു ലഹരിമരുന്നു നൽകി മയക്കിയതായി സൂചനയില്ല.

സൗദി എംബസിക്കുള്ളില്‍ ഖാഷോഗി നേരിട്ട ക്രൂരമായ പീഡനത്തിന്റെ സൂചനയാണ് ഓഡിയോ റെക്കോർഡ് എന്നാണ് സൂചന. ഖാഷോഗിയുടെ മൃതദേഹം മുറിക്കുന്നതിന്റെ ശബ്ദവും കേള്‍ക്കാനാകും. ഇതിനിടയില്‍ 'ഈ ശബ്ദം കേള്‍ക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ഈയര്‍ഫോണ്‍ താഴെ വെയ്ക്കൂ' എന്ന ഒരു സംഭാഷണവും കേള്‍ക്കാം. ഇത് കൊലപാതകികളില്‍ ഒരാളുടെതാകാം എന്നാണ് നിഗമനം. 

ലണ്ടനിലെ സൗദി എംബസിയില്‍ ഒരുമിച്ച് സമയം ചെലവഴിച്ചതിനാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ സൗദി രാഷ്ട്രീയക്കാരനുമായ മെഹര്‍ അബ്ദുള്‍അസീസ് മുത്രബിനെ ഖാഷോഗിക്ക് പരിചയം ഉണ്ടായിരുന്നു.ഏഴു മിനിട്ടിനുളളിൽ തന്നെ ഖഷോഗി കൊല്ലപ്പെട്ടിരിക്കാമെന്നാണ് നേരത്തേ ഈ ടേപ്പ് കേട്ട ശേഷം തുർക്കി വിദേശകാര്യമന്ത്രി പറഞ്ഞത്. കൃത്യം നടത്തിയ ശേഷം ആനന്ദിച്ചെന്നും ഖാഷോഗിയുടെ ശരീരം ഭാഗങ്ങളായി വെട്ടി മുറിക്കുമ്പോള്‍ പ്രതികള്‍ സംഗീതം കേട്ടു രസിച്ചുവെന്നും ടേപ്പ് പരിശോധിച്ച ഫോറന്‍സിക് വിദഗ്ദ്ധര്‍ പറഞ്ഞു.