ഖഷോഗി വധം: അഞ്ച് സൗദി പൗരൻമാർക്ക് വധശിക്ഷ; 3 പേർക്ക് 24 വർഷം കഠിനതടവ്

സൗദി മാധ്യമപ്രവർത്തകർ ജമാൽ ഖഷോഗി കൊല്ലപ്പെട്ട കേസിൽ അഞ്ചു പൗരൻമാർക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. മൂന്നു പേർക്കു ഇരുപത്തിനാലു വർഷം കഠിനതടവും ശിക്ഷ വിധിച്ചതായി പബ്ളിക് പ്രൊസിക്യൂട്ടർ അറിയിച്ചു. മൂന്നു പേരെ വെറുതെ വിട്ടു

സൗദി ഭരണകൂടത്തിന്റെ വിമർശകനായിരുന്ന ജമാൽ ഖഷോഗി കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ സൗദി  കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ അഞ്ചു പ്രതികൾക്ക് റിയാദ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. നിയമലംഘനം നടത്തി കുറ്റം മറച്ചുവയ്ക്കാൻ ശ്രമിച്ച മൂന്നു പേർക്ക് ഇരുപത്തിനാലു വർഷം തടവുശിക്ഷ വിധിച്ചതായി പബ്ളിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

കുറ്റം ചുമത്തിയിരുന്ന പതിനൊന്നു പേരിൽ മൂന്നു പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. തുർക്കി ഇസ്താംബുളിലെ സൗദി കോൺസുൽ ജനറലായ മുഹമ്മദ് അൽ ഒതൈബിക്കു കേസിൽ പങ്കില്ലെന്നും കോടതി വ്യക്തമാക്കി. 

കൊലപാതകം ആസൂത്രിതമായിരുന്നില്ല എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഖഷോഗിയുടെ കുടുംബാംഗങ്ങൾ വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു. മുപ്പത്തിയൊന്നു പേരെ കേന്ദ്രീകരിച്ചായിരുന്നു കേസ് അന്വേഷണം. ഇതിൽ ഇരുപത്തിയൊന്നു പേരെ അറസ്റ്റ് ചെയ്തു. പതിനൊന്നുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത പത്തുപേരെ വെറുതെ വിട്ടതായും പ്രൊസിക്യൂട്ടർ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് കൊലപാതകക്കേസിൽ പങ്കുണ്ടെന്നു സി.ഐ.എ ആരോപിച്ചിരുന്നെങ്കിലും സൗദി ഭരണകൂടം അത്തരം വാദങ്ങളെ പൂർണമായും തള്ളിയിരുന്നു.