ഖഷോഗി വധം; സൗദിയിലെ കൊലയാളി സംഘത്തിന് പരിശീലനം അമേരിക്കയിൽ; വെളിപ്പെടുത്തൽ

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ. ഖഷോഗിയെ വധിച്ചവർക്ക് പരിശീലനം ലഭിച്ചത് അമേരിക്കയിൽ നിന്നാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർ‌ട്ട് ചെയ്യുന്നു. 

സൗദി ഭരണകൂടത്തിന്റെ നിരന്തര വിമർശകനായിരുന്ന ഖഷോഗി കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടത്. റിയാദിൽ നിന്നെത്തിയ പതിനഞ്ചംഗ സംഘമാണ് കൊലക്ക് പിന്നിലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

കൊലപാതകം സൗദി ഭരണകൂടത്തിന്റെ അറിവോടെയായിരുന്നുവെന്ന ആരോപണങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ആരോപണങ്ങളെ സൗദി നിഷേധിച്ചു. കേസിൽ 11 പേർ വിചാരണ നേരിടുകയാണെന്നും നിയമനടപടികൾ തുടരുകയാണെന്നും സൗദി ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി.

ഖഷോഗി വധം ചർച്ചയായതോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെയും ആരോപണങ്ങളുയർന്നിരുന്നു.