ഭാര്യയുമൊത്തുള്ള വിമാനയാത്രയിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് ശിക്ഷ

സഹയാത്രികയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇന്ത്യക്കാരന് അമേരിക്കയിൽ ജയിൽ ശിക്ഷ. തമിഴ്നാട് സ്വദേശിയും അമേരിക്കയിൽ ഐടി ജീവനക്കാരനുമായ പ്രഭു രാമമൂർത്തി(35)ക്കാണ് ഡിട്രോയിറ്റിലെ ഫെഡറൽ കോടതി ഒമ്പത് വർഷത്തെ തടവുശിക്ഷ വിധിച്ചത്. ബിരുദ പഠനത്തിനു ശേഷമാണ് പ്രഭു അമേരിക്കയിൽ ജോലിക്കെത്തുന്നത്. 2015 ൽ എച്ച 1 ബി വിസയിൽ അമേരിക്കയിൽ എത്തിയ ഇയാൾ പിന്നീട് ഭാര്യയേയും കൊണ്ടു വന്നു. 

2018 ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലാസ് വെഗാസിൽ  നിന്ന് ഡിട്രോയിറ്റിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയ്ക്ക് നേരേ പ്രഭു രാമമൂർത്തി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഭാര്യയോടോപ്പം വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ തൊട്ടടുത്ത സീറ്റിൽ ഉറങ്ങിയിരുന്ന യുവതിയുടെ പാന്റ്സ് വലിച്ചൂരാൻ ശ്രമിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

11 വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ കോടതി ശിക്ഷ ഒമ്പത് വര്‍ഷമാക്കുകയും നാടുകടത്താന്‍ ഉത്തരവിടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആദ്യം വിമാനത്തിലെ ജീവനക്കാരോടും പിന്നീട് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷനിലും യുവതി പരാതി നൽകി. തുടർന്ന് പ്രഭു രാമമൂർത്തിയെ അറസ്റ്റ് ചെയ്യുകയും ഓഗസ്റ്റ് മുതൽ കേസിൽ വിചാരണ ആരംഭിക്കുകയും ചെയ്തു.