സസ്തനികളിൽ മാത്രമോ പാൽ ഉത്പാദനം; വാദം പൊളിച്ച് പാലൂട്ടുന്ന എട്ടുകാലികൾ

ചൈനയിലെ ഒരു ലബോട്ടറിയിൽ പഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് അസാധാരണമായ പ്രവൃത്തി ഗവേഷകനായ ചെൻ ജാൻകിയുടെ കണ്ണിൽപ്പെട്ടത്. ഒരു എട്ടുകാലിക്കുഞ്ഞ് അമ്മയുടെ വയറില്‍ തൂങ്ങിക്കിടക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. സൂക്ഷ്മ പരിശോധനയിൽ അമ്മ എട്ടുകാലികൾ കുഞ്ഞുങ്ങള്‍ക്കായി ശരീരത്തില്‍ നിന്ന് എന്തോ ഒരു സ്രവം പുറപ്പെടുവിക്കുന്നതായി മനസിലാകുകയായിരുന്നു. തുടർന്ന് ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ ഇദ്ദേഹത്തോടോപ്പം ചേരുകയായിരുന്നു. നാല്‍പ്പത് ദിവസം പ്രായമാകുന്നതു വരെ കുഞ്ഞുങ്ങള്‍ ഈ പാൽ കുടിക്കുന്നതായും അമ്മയുടെ പാല്‍ കിട്ടാതെ വരുന്ന എട്ടുകാലിക്കുഞ്ഞുങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയും അവ ചത്തുപോകുന്നതായും ഇവർ കണ്ടെത്തുകയായിരുന്നു. 

മുട്ടകളിട്ട് വിരിയുന്ന കുഞ്ഞുങ്ങളെ പാലൂട്ടുന്ന ഒരു എട്ടുകാലി വര്‍ഗത്തെയാണ് ഈ ശാസ്ത്രഞ്ജർ കണ്ടെത്തിയത്. ടോക്സ്യൂസ് മാഗ്നസ് എന്ന ഗണത്തില്‍പ്പെടുന്ന എട്ടുകാലിയാണ് കുഞ്ഞുങ്ങളെ പാലൂട്ടുന്നത്. സസ്തനികളില്‍ മാത്രമേ പാലുല്‍പാദനം നടക്കുന്നുള്ളൂ എന്ന വാദമാണ് ഈ എട്ടുകാലികൾ പൊളിച്ചത്. 

കുഞ്ഞുങ്ങള്‍ക്കായി സസ്തനികളില്‍ നടക്കുന്ന പാലുല്‍പാദനത്തിന്റെ അതേ ഉദ്ദേശം തന്നെയാണ് ഈ എട്ടുകാലികളിലും. എന്നാൽ എങ്ങനെയാണ് ഈ എട്ടുകാലികളിൽ പാൽ ഉത്പാദനം നടക്കുന്നതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ് ശാസ്ത്രലോകം പറയുന്നത്. തങ്ങളുടെ അണ്‍ഫെര്‍ട്ടിലൈസ്ഡ് മുട്ടകള്‍ കൊണ്ട് കുഞ്ഞുങ്ങളെ ഊട്ടുന്ന പലതരം ജീവികളുണ്ട്. ആ പാല്‍ അങ്ങനെ ഉണ്ടാകുന്നതാണോ എന്ന സംശയവും ശാസ്ത്രജ്ഞന്മാര്‍ പങ്കുവയ്ക്കുന്നുണ്ട്.

എട്ടുകാലിക്കുഞ്ഞുങ്ങള്‍ തങ്ങളുടെ യഥാര്‍ഥ ശരീര വലുപ്പത്തിന്റെ പകുതി വലുപ്പം മുട്ടവിരിഞ്ഞ് ഇരുപത് ദിവസത്തിനുള്ളില്‍ കൈവരിക്കുന്നു. എങ്ങനെയാണ് ആഹാരമൊന്നും കൂടാതെ ഇവ ഇത്രപെട്ടെന്ന് വളരുന്നതെന്ന നീരീക്ഷണത്തിൽ നിന്നാണ് വിസ്മയിപ്പിക്കുന്ന ഈ കണ്ടുപിടുത്തം പിറന്നതും.