ശാസ്ത്രം കണ്ടെത്തി; സ്മാർട് ഫോണുകൾ ഉറക്കം കെടുത്തുന്ന വഴി

സ്മാർട് ഫോണിന്റെയും കംപ്യൂട്ടറിന്റെയും അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്കു പരിഹാരമായേക്കാവുന്ന കണ്ടെത്തലുകളുമായി ഗവേഷകർ. ഉറക്കക്കുറവ്, ചെന്നിക്കുത്ത് (മൈഗ്രെയ്ൻ) തുടങ്ങിയവയ്ക്കും കാഴ്ചത്തകരാർ, അർബുദം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഗവേഷണ ഫലം സഹായിച്ചേക്കും. 

സാൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് സ്മാർട് ഫോണുകൾ മനുഷ്യന്റെ ജൈവഘടികാരത്തെ മാറ്റിമറിക്കുന്നതിന്റെ അടിസ്ഥാന കാരണം കണ്ടെത്തിയത്. നേത്രപടലത്തിന്റെ ഉൾപാളിയിലെ ചില കോശങ്ങളിൽ പ്രകാശം പതിക്കുന്നതിന്റെ തോതനുസരിച്ചാണ് ജൈവഘടികാരത്തിന്റെ പ്രവർത്തനം

ഈ കോശങ്ങൾ പകൽ മുഴുവൻ പ്രകാശമേൽക്കുകയും രാത്രിയിൽ വിശ്രമിക്കുകയുമാണു വേണ്ടത്. എന്നാൽ രാത്രിയിലും ദീർഘനേരം സ്മാർട് ഫോണിൽ നിന്നുള്ള പ്രകാശ കിരണങ്ങൾ പതിക്കുമ്പോൾ ഈ കോശങ്ങളിൽ മെലനോപ്സിൻ എന്ന പ്രോട്ടീൻ കൂടുതലായി ഉൽപാദിപ്പിക്കപ്പെടും. ഉറക്കം ക്രമീകരിക്കുന്ന മെലടോണിൻ എന്ന ഹോർമോണിന്റെ പ്രവർത്തനത്തെ ഇത് തകരാറിലാക്കും.