സിംഹത്തെ വളഞ്ഞിട്ട് ആക്രമിച്ച് 20 കഴുതപ്പുലികൾ; ഒടുവിൽ ട്വിസ്റ്റ്; വിഡിയോ

വന്യജീവികളിൽ ഏറ്റവും അപകടകാരിയും ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന ജീവിയാണ് സിംഹം. സിംഹത്തിനു മുന്നിൽപ്പെട്ടാൽ പിന്നെ അതിജീവനത്തിനു വഴികളില്ല. എന്നാൽ ചുരുക്കം സന്ദർഭങ്ങളിൽ കാട്ടുപോത്തുകൾ പോലുളള വലിയ ജീവികൾ സിംഹത്തിന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടാറുണ്ട്. എന്നാൽ കൂട്ടമായെത്തി സിംഹങ്ങളെ വരെ തുരുത്താൻ ശേഷിയുളള ജീവികളാണ് കഴുതപ്പുലികൾ. കൂട്ടമായി എത്തുന്ന കഴുതപ്പുലികൾക്കു മുന്നിൽ ഒറ്റപ്പെട്ടു പോകുന്ന സിംഹങ്ങൾക്ക് കീഴടങ്ങുകയല്ലാതെ മറ്റു വഴികളില്ല.

കഴിഞ്ഞ ദിവസം ബിബിസി പുറത്തു വിട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ‍തംരഗമാണ് ഉണ്ടാക്കുന്നത്. അത്യാക്രമണ ശേഷിയുളള 20 ഓളം വരുന്ന കഴുതപ്പുലികൾക്കു മുന്നിൽ ഒറ്റയാനായി പൊരുതുന്ന റെഡ് എന്ന് പേരുളള ആഫ്രിക്കൻ സിംഹത്തിന്റെ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന വിഡിയോ ആണ് ബിബിസി പുറത്തു വിട്ടത്. റെഡിനെ വളഞ്ഞിട്ടാണ് കഴുതപ്പുലികൾ ആക്രമിച്ചത്. ചെറുത്തു നിൽക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ടാറ്റു എന്നൊരു കൂട്ടുകാരൻ സിംഹം ഇല്ലെങ്കിൽ റെഡ് കഴുതപ്പുലികളുടെ ഭക്ഷണമായി മാറിയേനേ.  ലോകപ്രശസ്ത വന്യജീവി മാധ്യമപ്രവർത്തകൻ ഡേവിഡ് ആറ്റൺബറോയുടെ ശബ്ദത്തിലുളള വിഡിയോ സമൂഹമാധ്യമങ്ങൾ പറപറക്കുകയാണ്.

 ടാറ്റുവെത്തിയതോടെ റെഡിന് ആത്മവിശ്വാസമായി. ഒറ്റക്കെട്ടായി സിംഹങ്ങൾ കഴുതപ്പുലികൾക്കു നേരെ തിരിയുന്ന കാഴ്ചയായിരുന്നു പിന്നീട്. അപ്രതീക്ഷിത തിരിച്ചടി നേരിട്ട കഴുതപ്പുലികൾ ജീവനും കൊണ്ടും രക്ഷപ്പെട്ടു. ജീവൻ തിരികെ കിട്ടിയ റെഡ് ടാറ്റുവിന് അരികിൽ ഓടിയെത്തി മുഖമുരുമ്മി നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്ന കാഴ്ച അതിജീവനത്തിന്റെയും മനോഹരമായ സൗഹൃദ കാഴ്ചയായിരുന്നു.