ശ്വസിക്കാൻ പോലും ശേഷിയില്ല; എല്ലും തോലുമായി ശരീരം; യെമനിലെ കണ്ണീർച്ചിത്രം

ഈ പത്തുവയസ്സുകാരന് ഭാരം എട്ട് കിലോ മാത്രം. യെമനിലെ ആശുപത്രിക്കിടക്കയിൽ ശ്വസിക്കാൻ പോലും ബുദ്ധിമുട്ടുകയാണ് എല്ലും തോലുമായി മാറിയ ഈ കുരുന്ന്. 

ഗാസി സലാ എന്നാണ് ഇവന്റെ പേര്. യെമനിലെ ആഭ്യന്തരയുദ്ധമാണ് സലായെ ഇങ്ങനെയാക്കിയത്. പട്ടിണി രൂക്ഷമായതോടെ ആരോഗ്യസ്ഥിതി വഷളായി. ഒന്ന് അനങ്ങാനോ ശ്വാസം വിടാനോ പോലും ബുദ്ധിമുട്ട്. കണ്ണുകൾ തുറക്കാൻ പോലും ശേഷിയില്ല ഈ ബാലന്. 

സലായുടെ പ്രായമുള്ള പതിനായിരക്കണക്കിന് കുരുന്നുകള്‍ പട്ടിണി മൂലമുള്ള ദുരിതത്തിലാണ്. പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളും സലായെ ചികിത്സിക്കുന്ന ആശുപത്രിയിലുണ്ട്. ഭക്ഷണം കഴിക്കാൻ പോലുമുള്ള ആരോഗ്യമില്ലാതായതോടെ പലർക്കും ട്യൂബ് വഴിയും സിറിഞ്ച് വഴിയുമാണ് ആഹാരം നൽകുന്നത്. 

യുഎൻ കണക്കുകൾ പ്രകാരം പട്ടിണിയുടെ ഇരകളായ 14 ദശലക്ഷം മനുഷ്യരിൽ പകുതിയോളം കുരുന്നുകളാണ്. 4.5 ദശലക്ഷം കുരുന്നുകൾക്ക് സ്കൂളിൽ പോകാനാകുന്നില്ല. 2500 സ്കൂളുകൾ യുദ്ധത്തിൽ തകർക്കപ്പെട്ടു. പാതി തകർന്നവയും മറ്റും വീടുകൾ നഷ്ടപ്പെട്ടവർക്കുള്ള അഭയകേന്ദ്രങ്ങളായി മാറി. 

ഈ യുദ്ധമൊന്ന് അവസാനിച്ചിരുന്നെങ്കിൽ എന്നാണ് ഇവിടുത്തെ ഓരോ സാധാരണക്കാരനും ആഗ്രഹിക്കുന്നത്. എന്നാൽ ഓരോ ദിവസവും ജനങ്ങളുടെ അവസ്ഥ കൂടുതൽ ദുരിതപൂർണമാവുകയാണ്. 2015ൽ ആരംഭിച്ച ആഭ്യന്തരയുദ്ധം യെമനിൽ അതിരൂക്ഷമായി തുടരുകയാണ്.