ടേക്ക് ഒാഫ് സമയത്ത് ആ വിമാനത്തിന് തകരാർ; പിന്നാലെ പരിഹരിച്ചെന്ന് പൈലറ്റ്; ദുരൂഹം

കടലിൽ തകർന്നുവീഴുന്നതിന് മുൻപ് ഇന്തൊനീഷ്യൻ വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിച്ചതായി പൈലറ്റ് അറിയിച്ചതായി സൂചന.  ടേക്ക് ഓഫിനു പിന്നാലെ തന്നെ വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റ് ഭവ്യ സുനേജ കൺട്രോൾ റൂമിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിനുള്ള സൗകര്യങ്ങളും ഒരുക്കി. എന്നാൽ അൽപസമയത്തിനകം തന്നെ വിമാനം സാധാരണ ഗതിയിലേക്കു തിരിച്ചെത്തിയെന്നും പറത്താൻ കഴിയുന്നുണ്ടെന്നും പൈലറ്റ് അറിയിച്ചുവെന്ന് ബാലി – നുസ ടെങ്കാര എയർപോർട്ട് അതോറിറ്റി ചീഫ് ഹെർസൻ പറഞ്ഞു. കൺട്രോൾ റൂമിൽനിന്ന് ആവശ്യപ്പെട്ടിട്ടും തിരിച്ചുവരാൻ കൂട്ടാക്കിയില്ല. ഡെൻപാസറിൽനിന്ന് ജക്കാർത്തയിലേക്ക് പറക്കാൻ പൈലറ്റ് തയാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലയൺ എയറിന്റെ ടേക്ക് ഓഫിനു പിന്നാലെ ലാൻഡ് ചെയ്യാനിരുന്ന മറ്റൊരു വിമാനത്തിന്റെ പൈലറ്റ്, അധികൃതർ തങ്ങളോട് ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടതായും വെളിപ്പെടുത്തുന്നു. വിമാനത്താവളത്തിനു മുകളിലൂടെ പറക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ലയൺ എയറിന്റെ പൈലറ്റും എയർ ട്രാഫിക് കണ്‍ട്രോളിലെ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ റേഡിയോ സംഭാഷണം താൻ കേട്ടിരുന്നു. ആ പാൻ–പാൻ ഫോൺ സന്ദേശത്തിനു പിന്നാലെ തങ്ങളോട് ആകാശത്ത് തുടരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ പൈലറ്റുമാർ ഉപയോഗിക്കുന്ന സംവിധാനമാണ് പാൻ–പാൻ കോൾ.

എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ലയൺ എയർ വക്താവ് തയാറായിട്ടില്ല. അതിനിടെ, ഇന്തൊനീഷ്യയില്‍ കടലില്‍ തകര്‍ന്നു വീണു 189 പേരുടെ മരണത്തിനിടയാക്കിയ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. കടലിന്റെ അടിത്തട്ടില്‍നിന്നാണു ബ്ലാക്ക് ബോക്‌സ് കിട്ടിയതെന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കോക്ക്‌പിറ്റ് വോയ്‌സ് റിക്കോർഡറാണോ ഫ്ലൈറ്റ് ഡേറ്റ റിക്കോർഡറാണോ ലഭിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല. പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്കുള്ളില്‍ അപകടം സംഭവിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്ലാക്ക് ബോക്‌സില്‍നിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തിങ്കളാഴ്ച പങ്കാല്‍ പിനാങ്ങിലേക്കു പുറപ്പെട്ട ലയണ്‍ എയറിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനമാണ് കടലില്‍ തകര്‍ന്നു വീണത്. ഡല്‍ഹി സ്വദേശി ഭവ്യെ സുനേജയായിരുന്നു ക്യാപ്റ്റന്‍.